അൽവാർ: മാനഭംഗക്കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഫലാഹരി ബാബയെ പോലീസ് അറസ്റ്റു ചെയ്തു. രാജസ്ഥാനിലെ അൽവാറിലുള്ള ആശുപത്രിയിൽനിന്നുമാണ് ഫലാഹരി ബാബയെന്ന കൗശലേന്ദ്ര പ്രപന്നചാര്യ ഫൽഹാരി മഹാരാജിനെ പോലീസ് അറസ്റ്റു ചെയ്തത്.
ഛത്തീസ്ഗഢിലെ ബിലാസ്പുർ സ്വദേശിയായ 21 കാരിയാണ് ഫലാഹരിക്കെതിരെ പരാതി നൽകിയത്. ഈ വർഷം ഓഗസ്റ്റിൽ അൽവാറിലെ ആശ്രമത്തിൽവച്ച് ഫലാഹരി തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയെ തുടർന്നു ബിലാസ്പുർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ ഫലാഹരി ആശുപത്രിയിൽ ചികിത്സ തേടി. ഇതോടെയാണ് പോലീസ് ആശുപത്രിയിലെത്തി ഫലാഹരിയെ അറസ്റ്റു ചെയ്തത്.