റായ്പൂര്‍: 2000 നോട്ടിനെതിരേ യോഗാചാര്യന് ബാബാ രാംദേവ്. 1000,500 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ പുകഴ്ത്തിയ വ്യക്തിയാണ് രാംദേവ്. 2000ത്തിന്റെ കറന്‍സി ഭാവിയില്‍ പിന്‍വലിക്കണമെന്നാണ് ഇപ്പോള്‍ ഇദ്ദേഹം ആവശ്യപ്പെടുന്നത്.
ഉയര്‍ന്ന തുകയുടെ വ്യാജകറന്‍സികള്‍ ഇറങ്ങുമെന്നത് നിശ്ചയമായ കാര്യമാണ്. 2000 രൂപയുടെ വ്യാജ കറന്‍സികള്‍ ഇതിനോടകം മാര്‍ക്കറ്റിലെത്തിയത് തന്നെ ഉദാഹരണം. വ്യാജനോട്ടു കണ്ടു പിടിക്കുക ശ്രമകരമാണെന്നും രാംദേവ് പറയുന്നു. ഭാവിയില്‍ നമ്മള് പണരഹിത സാമ്പത്തിക വ്യവസ്ഥയിലേക്കു നീങ്ങേണ്ടത് അത്യാവശ്യമാണെന്നും ഇദ്ദേഹം പറയുന്നു. രാജ്യത്തിന്റെ നന്മയ്ക്കാവശ്യമായ പദ്ധതികള്‍ പ്രധാനമന്ത്രി കൈകൊള്ളുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. അച്ചേ ദിന്(നല്ല ദിവസങ്ങള്‍) വരണമെങ്കില്‍ രാഷ്ട്രീയക്കാര്‍ മാത്രം വിചാരിച്ചാല്‍ പറ്റില്ലെന്നും സമൂഹവും സര്‍ക്കാരും ഒന്നിച്ചു പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ ഇതു സാധ്യമാകുകയുള്ളൂ എന്നും രാംദേവ് പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിച്ചത് ചരിത്രപരമായ തീരുമാനമാണെന്നു പറഞ്ഞ രാംദേവ് വിദേശത്ത് ഒളിച്ചു വയ്ക്കുന്ന പണം രാജ്യത്തിന്റെ ആഭ്യന്തര സമ്പത്തല്ലെന്നും പറഞ്ഞു. വിദേശത്ത് ഒളിപ്പിച്ചു വച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും രാംദേവ് പറഞ്ഞു. വിദേശത്തെ കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന ബിജെപി പറഞ്ഞതിനേക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് രാംദേവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചണ്ഡിഗഡില്‍ നടക്കുന്ന യോഗാ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു രാംദേവ്.