പ്രത്യേക ലേഖകൻ
ന്യൂഡൽഹി: കർഷകസമരം അവസാനിപ്പിക്കാൻ വിവാദ കാർഷിക നിയമങ്ങൾ മൂന്നു വർഷത്തേക്കു സസ്പെൻഡ് ചെയ്യണമെന്നു ബാബ രാംദേവ്.
പുതിയ കാർഷിക നിയമങ്ങൾ മാറ്റിവച്ച ശേഷം കർഷകരുമായി ചർച്ച ചെയ്തു പരിഹാരം ഉണ്ടാക്കുകയാണു കേന്ദ്രസർക്കാർ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ഹരിയാനയിലെ സമൽഖയിൽ ഒരു പ്രമുഖ ബിസിനസുകാരന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണു കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്ന പ്രസ്താവന രാംദേവ് നടത്തിയത്.
സർക്കാരിന്റെയോ കരാർ കൃഷിക്കാരുടെയോ വക്താവല്ല താനെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, കേന്ദ്രസർക്കാരും കർഷകരും തമ്മിൽ സമാധാനത്തിനാണ് ആഗ്രഹം. പ്രതിസന്ധി പരിഹരിക്കപ്പെടണം.
രാജ്യത്തിനും കർഷകർക്കും താത്പര്യമുള്ള കാർഷിക നയങ്ങളെക്കുറിച്ചു സർക്കാരും കർഷകരും ഒരുമിച്ചിരുന്നു ചർച്ച ചെയ്യണം.
ഇപ്പോൾ പ്രശ്നം പരിഹരിക്കാൻ കർഷകരോ, സർക്കാരോ തയാറല്ല. ഈ സ്ഥിതി മാറണം. എല്ലാ പ്രശ്നങ്ങൾക്കും മധ്യത്തിലായി ഒരു പരിഹാരമുണ്ടെന്നും രാംദേവ് ഓർമിപ്പിച്ചു.
ഒന്നര വർഷത്തേക്കു നിയമം നടപ്പിലാക്കുന്നതു സസ്പെൻഡു ചെയ്യാമെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതു പോരെന്നു കർഷകർക്കു തോന്നുന്നുണ്ടെങ്കിൽ ഈ കാലാവധി മൂന്നു വർഷമായി കൂട്ടാൻ സർക്കാർ തയാറാകണമെന്നു ബിജെപിയുടെ ആത്മസുഹൃത്തായ രാംദേവ് പറഞ്ഞു.
രാംദേവിന്റെ കന്പനിയുടെ കോവിഡ് പ്രതിരോധമരുന്ന് പുറത്തിറക്കിയ ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനും മുതിർന്ന മന്ത്രി നിതിൻ ഗഡ്കരിയും രാംദേവിനോടൊപ്പം പങ്കെടുത്തത് അടുത്തിടെ വിവാദമായിരുന്നു.
ശാസ്ത്രീയമായി സർക്കാരിന്റെ അംഗീകാരമില്ലാത്ത, സ്വകാര്യ കന്പനിയുടെ ആയുർവേദ മരുന്നിന് പരസ്യ അംഗീകാരം നൽകാൻ ആരോഗ്യമന്ത്രി തയാറായതിനെ ചോദ്യംചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും വിദഗ്ധ ഡോക്ടർമാരും രംഗത്തെത്തിയിരുന്നു.