ന്യൂഡൽഹി: ദിനംപ്രതി വർദ്ധിക്കുന്ന ഇന്ധന വിലയെ നിയന്ത്രിച്ചില്ലെങ്കിൽ മോദി സർക്കാരിന് കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യോഗാ ഗുരുവും പതഞ്ജലി ഉടമയുമായ ബാബാ രാംദേവിന്റെ മുന്നറിയിപ്പ്. ദേശീയ മാധ്യമമായ ആജ്തകിന് നൽകിയ അഭിമുഖത്തിലായിരുന്നു രാംദേവ് കേന്ദ്രസർക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. മോദിയുടെയും ബിജെപിയുടെ അടുത്ത ആളായ രാംദേവിന്റെ പ്രസ്താവന ബിജെപി നേതൃത്വത്തിൽ അന്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
കുതിച്ചുയരുന്ന ഇന്ധന വില പിടിച്ചുനിർത്താൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണം. സർക്കാർ നികുതി എടുത്തുകളഞ്ഞാൽ ലിറ്ററിന് 40 രൂപയ്ക്ക് വിൽക്കാനാവും. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാൻ കഴിഞ്ഞില്ലായെങ്കിൽ മോദി സർക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. രൂപയുടെ വില ഒരിക്കലും ഇത്രത്തോളം താണിട്ടില്ല. ഇക്കാര്യത്തിൽ സർക്കാർ ഒന്നും തന്നെ ചെയ്യുന്നില്ല-രാംദേവ് പറഞ്ഞു.
കുതിച്ചുയരുന്ന വിലകയറ്റത്തെ നിയന്ത്രിക്കാൻ എന്തുചെയ്യണമെന്ന് മോദിക്ക് അറിയാം. രാജ്യത്തെ സാധാരണക്കാരൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ കാണാനും കേൾക്കാനും സംസാരിക്കാനും കഴിയുന്ന പ്രധാനമന്ത്രിയാണദ്ദേഹം. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കണ്ടില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും -രാംദേവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പതഞ്ജലി ആയുർവേദിക് പാലും പാലുത്പന്നങ്ങളും വിപണിയിൽ അവതരിപ്പിച്ചിരുന്നു. പാക്ക്ഡ് പശുവിൻപാൽ, നെയ്യ്, തൈര് ഉൾപ്പെടെയുള്ള ഉത്പന്നങ്ങളാണ് വിപണിയിൽ അവതരിപ്പിച്ചത്.