ചണ്ഡിഗഡ്: ഭാരത് മാതാ കീ ജയ് എന്നു വിളിക്കാൻ തയാറാകാത്തവരുടെ തലയെടുക്കുകയാണു വേണ്ടതെന്ന് ആഹ്വാനം ചെയ്ത യോഗാ ഗുരു ബാബാ രാം ദേവിനെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. റോഹ്തക് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. റോഹ്തക് അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഇതേ കേസിൽ നേരത്തെ ഇദ്ദേഹത്തിനു സമൻസ് അയച്ചിരുന്നു. എന്നാൽ, കോടതിയിൽ ഹാജരാൻ ഇദ്ദേഹം തയാറായില്ല.
തുടർന്നു ജാമ്യം ലഭിക്കുന്ന വകുപ്പു പ്രകാരം വാറണ്ട് പുറപ്പെടുവിച്ചു. ഇതിനെയും രാംദേവ് അവഗണിച്ചതോടെയാണ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ അഡീഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് ഹരീഷ് ഗോയൽ ഉത്തരവിട്ടത്. സാമൂഹിക സൗഹാർദത്തിനു ഭംഗം വരുത്തുന്നതാണ് രാംദേവിന്റെ പരാമർശമെന്നു കണ്ടാണ് കോടതി കേസെടുത്തത്. മുൻ ഹരിയാന ആഭ്യന്തരമന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ സുഭാഷ് ബത്ര ആണ് ബാബാ രാംദേവിന്റെ വിവാദ പ്രസ്താവനയ്ക്കെതിരേ കോടതിയെ സമീപിച്ചിരുന്നത്.
ബാബാ രാംദേവിനെ അറസ്റ്റ് ചെയ്തു ഹാജരാക്കാൻ റോഹ്തക് പോലീസ സൂപ്രണ്ടിനോടാണു കോടതി നിർദേശിച്ചിട്ടുള്ളത്. നിയമത്തിന്റെ നൂലാമാലകളില്ലായിരുന്നെങ്കിൽ ഭാരത് മാതാ കീജയ് എന്നു വിളിക്കാൻ മടിക്കുന്നവരുടെ തല അറക്കുമായിരുന്നുവെന്നാണ് അദ്ദേഹം 2016 ഏപ്രിൽ മൂന്നിന് റോഹ്ത്കിൽ നടന്ന വന്പൻ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. സദ്ഭാവന സമ്മേളനത്തിലായിരുന്നു രാംദേവിന്റെ വിവാദ പ്രസ്താവന എന്നതാണ് ഏറെ വിചിത്രം. ബാബാ രാംദേവിന്റെ നേതൃത്വത്തിലാണ് പതഞ്ജലി ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നത്.