വിവാദങ്ങളെ കൂടെക്കൊണ്ടു നടക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്, ബാബാ രാംദേവ്. ഇപ്പോഴിതാ പുതിയ വിവാദ പ്രസ്താവനയുമായി രാംദേവ് രംഗത്തെത്തിയിരിക്കുന്നു. വിവാഹം കഴിക്കാതെ ഏകാകിയായി ജീവിക്കുന്നതാണ് തന്റെ സന്തോഷങ്ങള്ക്കുളള കാരണമെന്നാണ് യോഗാ ഗുരു ബാബാ രാംദേവ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
തന്റെ വിജയങ്ങള്‍ക്കു പിന്നിലെ കാരണവും അതു തന്നെയാണെന്നാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഗോവ ഫെസ്റ്റ് 2018നെ അഭിസംബോധന ചെയ്തു സംസാരിക്കവെ ബാബ രാംദേവ് പറഞ്ഞു. ആളുകള്‍ കുടുംബത്തിനുവേണ്ടിയാണു പ്രവര്‍ത്തിക്കുന്നത്. എനിക്കു ഭാര്യയില്ല, മക്കളില്ല, എന്നിട്ടും ഞാനെത്രമാത്രം സ്വസ്ഥതയോടെ ജീവിക്കുന്നു. വിവാഹം എന്നത് എളുപ്പമായ ഒരു സംഗതിയല്ല.
പലരും ഇനി വിവാഹം കഴിക്കാനിരിക്കുകയാണ്. മറ്റുചിലര്‍ അതു കഴിഞ്ഞവരും. നിങ്ങള്‍ക്കൊരു കുഞ്ഞുണ്ടായാല്‍ ജീവിതകാലം മുഴുവന്‍ അതിനെ വഹിക്കേണ്ടിവരും. ഞാനങ്ങനെ ചെയ്തില്ല. ഞാന്‍ ബ്രാന്‍ഡുകളാണ് സൃഷ്ടിച്ചത്. ബാബ രാം ദേവ് പറഞ്ഞു. ആരോഗ്യകരമായ ജീവിതം നിലനിര്‍ത്തേണ്ട ആവശ്യകതയെകുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.