മുംബൈ: കൊല്ലപ്പെട്ട എൻസിപി നേതാവും ബാബ സിദ്ദിഖിയുടെ മകനുമായ സീഷാൻ സിദ്ദിഖിന് വധഭീഷണി. ഇമെയിൽ വഴിയാണു തനിക്കു വധഭീഷണി ലഭിച്ചതെന്ന് സീഷാൻ പറഞ്ഞു. ഭീഷണിക്കു പിന്നിൽ അന്താരാഷ്ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കന്പനിയാണെന്നും സീഷാൻ പറഞ്ഞു.
അച്ഛൻ കൊല്ലപ്പെട്ടതുപോലെ മകനും കൊല്ലപ്പെടുമെന്നാണ് ഭീഷണി സന്ദേശം. പത്തുകോടി രൂപ ആവശ്യപ്പെട്ടതായും മുംബൈ പോലീസ് പറഞ്ഞു.ഓരോ ആറുമണിക്കൂറിലും ഇത്തരത്തിലുള്ള ഭീഷണിസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുമെന്നും ഇ-മെയിൽ സന്ദേശത്തിലുണ്ട്. സീഷാൻ സിദ്ദിഖിയുടെ പരാതിക്കുപിന്നാലെ പോലീസ് വസതിയിലെത്തി മൊഴി രേഖപ്പെടുത്തി.
അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 2024 ഒക്ടോബർ 12 നാണ് ബാബാ സിദ്ദിഖി വെടിയേറ്റു മരിക്കുന്നത്. സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ ഓഫീസിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കൂടിയാലോചനയിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ബാബാ സിദ്ദിഖി.
ഓഫീസിൽ നിന്നിറങ്ങി കാർ പാർക്കു ചെയ്ത് ഖേർവാഡി ജംഗ്ഷനിലേക്കു നടക്കുന്നതിനിടയിൽ ഓട്ടോറിക്ഷയിൽ വന്ന അക്രമികൾ അദ്ദേഹത്തിനുനേർക്ക് വെടിയുതിർക്കുകയായിരുന്നു.
സംഭവത്തില്‍ മുഖ്യപ്രതി ശിവകുമാര്‍ ഗൗതം ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ബാന്ദ്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.