ലക്നോ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു. ലക്നോവിലെ സെഷൻസ് ജഡ്ജി സുരേന്ദ്ര കുമാർ യാദവാണു വിധി പറഞ്ഞത്. 2000 പേജുള്ള വിധിയാണു ജഡ്ജി വായിച്ചത്.
കേസിലെ 32 പ്രതികളിൽ 26 പേരും കോടതിയിൽ ഹാജരായി. വിനയ് കത്യാർ, ലല്ലുസിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണു ഹാജരായത്.
ആറു പ്രതികൾക്കു വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുക്കാം. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, ഉമ ഭാരതി എന്നിവരാണു ഇത്തരത്തിൽ കോടതിയിൽ ഹാജരായത്.
കോടതിക്കു പുറത്ത് ബാരിക്കേഡ് സ്ഥാപിച്ചു മാധ്യമങ്ങളെ നിയന്ത്രിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പള്ളി തകർത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് ജഡ്ജി വിധി പറയുക.
വിധിക്കു മുന്നോടിയായി അയോധ്യയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ബാബറി മസ്ജിദ് തകർത്തത് കുറ്റമാണെന്ന് അയോധ്യ ഭൂമി തർക്ക കേസിലെ വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു.