
മലപ്പുറം: ബാബറി മസ്ജിദ് തകർത്തത് സംബന്ധിച്ച കേസിലെ ലക്നൗ പ്രത്യേക സിബിഐ കോടതി വിധി ഏറെ നിർഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.
അക്രമത്തിന്റെ മാർഗത്തിലൂടെ നിയമവിരുദ്ധമായി മസ്്ജിദ് തകർത്തവർക്ക് ശിക്ഷ ലഭിക്കാതെ പോയത് നിർഭാഗ്യകരമാണ്. അന്വേഷണ ഏജൻസികൾ ഉടൻ തന്നെ അപ്പീൽ നൽകണം. എല്ലാവരും സമാധാനം നിലനിർത്തണമെന്നും സൗഹാർദം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി വിധി ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മസ്ജിദ് തകർത്തത് നിയമവിരുദ്ധമായ പ്രവർത്തനമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞതാണ്.
അന്വേഷണ ഏജൻസികൾ കുറ്റക്കാരെ കണ്ടെത്തിയിരുന്നു. എന്നിട്ടും എല്ലാവരെയും വെറുതെ വിട്ട കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു.
സംഭവം നടന്ന് 28 വർഷങ്ങൾക്ക് ശേഷമാണ് വിധി പ്രഖ്യാപിക്കുന്നതെന്നതു തന്നെ നീതി നിഷേധമാണ്. ഇത്തരമൊരു വിധി മസ്ജിദ് പൊളിച്ചില്ലെന്ന് പറയുന്നതിനു തുല്യമാണ്.
അപ്പീലിന് പോകേണ്ടതുണ്ടെന്നും ഇന്ത്യയിൽ നീതിയും ന്യായവും നിലനിൽക്കുന്നുണ്ടെന്ന് ലോകത്തിനു മുന്നിൽ കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മസ്ജിദ് അക്രമത്തിലൂടെ തന്നെയാണ് തകർത്തത്. അന്നു പ്രതികളുടെ സാന്നിധ്യം അവിടെയുണ്ടായിരുന്നതുമാണ്. അവർ അത് തടയാൻ ശ്രമിച്ചിരുന്നില്ല.കുഞ്ഞാലികുട്ടി പറഞ്ഞു.
കോടതി വിധി സത്യവുമായി ബന്ധമില്ലാത്തതും വിചിത്രവും നീതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന ആർക്കും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
ഇത്തരത്തിലുള്ള വിധിന്യായങ്ങൾ ജുഡീഷ്യറിയുടെ പവിത്രതയെ കുറിച്ച് ചിന്തിക്കുന്ന എല്ലാവരുടെ മനസിലും ശക്തമായ ധാർമിക വിയോജിപ്പുണ്ടാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൂഢാലോചന ഉണ്ടായിട്ടില്ലെന്നും നേതാക്കൾ ജനങ്ങളെ സമാധാനിപ്പിക്കാനാണ് ശ്രമിച്ചതെന്നുമാണ് കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ശാന്തിദൂതൻമാരെന്നുള്ള പരിവേഷമാണ് കോടതി ഇവർക്ക് കൊടുത്തിട്ടുള്ളത്.
വ്യക്തമായ അനീതിയിൽ അധിഷ്ഠിതമായിട്ടുള്ള വിധിയാണ് ഇത്. അത്തരം ഒരു വിധിയോട് യാതൊരുവിധത്തിലും യോജിക്കാൻ കഴിയില്ല. കുറച്ചാളുകൾ അവിടെ പോയി ആവേശത്തിൽ ഇടിച്ചപ്പോൾ മസ്ജിദ് തകർന്നു പോയി എന്നുള്ള സ്വഭാവത്തിലാണ് കോടതിയുടെ നിഗമനം.
വളരെ തെറ്റായ ഒരു പരാമർശമാണിത്. നിരന്തരമായ ആസൂത്രണം ചെയ്യലും എൽ.കെഅദ്വാനിയുടെ നേതൃത്വത്തിൽ രാജ്യത്താകെ രഥയാത്ര നടത്തലും ഇത്തരം പള്ളി പൊളിക്കൽ പ്രക്രിയക്ക് ആളുകളെ ആവേശം കൊള്ളിക്കുന്ന വിധത്തിൽ നിരന്തരമായ പ്രചാരണങ്ങളുമെല്ലാം ടിവിയിലൂടെ എല്ലാവരും കണ്ടിട്ടുള്ളതാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.