ശബരിമല: ബാബറി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികത്തോടനുബന്ധിച്ച് ശബരിമല കനത്ത സുരക്ഷാ വലയത്തിൽ. സംസ്ഥാന പോലീസും കേന്ദ്രസേനകളായ ആർഎഎഫും എൻഡിആർഎഫും കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. വിദഗ്ധ പരിശീലനം ലഭിച്ച കമാൻഡോകൾ ക്ഷേത്രമതിലകത്ത് നില ഉറപ്പിച്ചിട്ടുണ്ട്.
തന്ത്രപ്രധാന ഭാഗങ്ങങ്ങളിലെല്ലാം പോലിസിനെ വിന്യസിച്ചിരി.ക്കുകയാണ്. സന്നിധാനത്തേക്കു വരുന്ന എല്ലാവരെയും പോലീസും കേന്ദ്രസേനകളും സൂഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.സന്നിധാത്ത് ശ്രീകോവിലിന്നു മുന്നിൽ കാണിക്ക സമർപ്പിക്കുന്നതും സോപാനത്ത് നിന്ന് കൊണ്ടുള്ള ദർശനവും വിലക്കിയിട്ടുണ്ട്, ശബരിമലയിലെ ഇന്നത്തെ സുരക്ഷ സംവിധാനങ്ങളോടും തീർഥാടകർ പൂർണമായി സഹകരിക്കുന്നുണ്ട്.
ബോംബ് സ്ക്വാഡു പരിശോധന പന്പ മുതൽ സന്നിധാനംവരെ നടക്കുന്നുണ്ട്. ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്ഥരെ പത്തനംതിട്ട മുതൽ നിയോഗിച്ചിട്ടുണ്ട്. മഫ്തി പോലീസും ബോംബ് സ്ക്വാഡും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലും ഡ്യൂട്ടിയിലുണ്ട്.
ശബരിമലയിലെക്ക് പുൽമേട്ടിൽ നിന്നുള്ള വഴിയിലും പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്, നിലയ്ക്കലിലെ പാർക്കിഗ് ഗ്രൗണ്ടിലെ വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട് ഐജി ദിനേന്ദ്ര കശ്യപ് നേരിട്ടാണ് സുരക്ഷാ ചുമതലകൾക്ക് നേതൃത്വം നൽകുന്നത്. പന്പ ഗണപതി കോവിലിനു സമീപവും പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷ പരിശോധനകൾ ഇന്നും നാളെയും തുടരും.
സുരക്ഷാ പരിശോധനകൾക്കിടയിലും രാവിലെ ശബരിമലയിലേക്ക് നല്ല തിരക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ തീർഥാടകർ ശബരിമലയിലെത്തി. 200ലധികം ചെയിൻ സർവീസുകൾ കെഎസ്ആർടിസി രാവിലെ നിലയ്ക്കലിൽ നിന്നു പന്പയിലേക്കു നടത്തി.