കായംകുളം: എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് മനോനിലതെറ്റിയ മധ്യവയസ്കന് ഗാന്ധിഭവൻ അഭയം നൽകുന്നു. യു. പ്രതിഭയുടെ ഇടപെടലിനെ തുടർന്ന് കൊല്ലം കച്ചേരി ജംഗ്ഷൻ പടിഞ്ഞാറേതൊടിയിൽ ബാബുവി(53)ന്റെ സംരക്ഷണമാണ് പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുത്തത്.
ജന്മനാ മനസിക വെല്ലുവിളികൾ നേരിടുന്ന ബാബുവിന്റെ മാതാപിതാക്കൾ നാലരവർഷം മുന്പ് മരിച്ചപ്പോൾ അനാഥനായ ബാബുവിന് കൊല്ലത്തുള്ള അഭയകേന്ദ്രത്തിൽ അഭയം നൽകിയിരുന്നു. എന്നാൽ കുറച്ചുനാൾ മുന്പ് അവിടെ നിന്നും തിരികെ അയച്ചപ്പോൾ ബാബുവിന്റെ മാതൃസഹോദരി പുത്രൻ സന്തോഷ് കായംകുളത്തെ തന്റെ വീട്ടിൽ കൊണ്ടുവന്നുതാമസിപ്പിക്കുകയായിരുന്നു.
വാടകവീട്ടിൽ പ്രയാസത്തിൽ കഴിയുന്ന സന്തോഷിനു ബാബുവിനെ സംരക്ഷിക്കാൻ കഴിയാതെ വരികയും ബുദ്ധിമുട്ട് എംഎൽഎയുടെ ശ്രദ്ധയിൽ പെടുത്തുകയുമായിരുന്നു. തുടർന്ന് എംഎൽഎ പത്തനാപുരം ഗാന്ധിഭവൻ അധികൃതരുമായി ബന്ധപ്പെടുകയുമായിരുന്നു.
ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന്റെ നിർദേശ പ്രകാരം ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ എത്തി എംഎൽഎയുടെ സാന്നിധ്യത്തിൽ ബാബുവിനെ ഏറ്റെടുത്തു. ബ്ലഡ് ഡൊണേഷൻ സെൽ പ്രവർത്തകരായ അസറുദ്ദീൻ, മുഹമ്മദ് സാദിഖ്, ജെസിൽ, വിദ്യാസാഗർ എന്നിവരും സന്നിഹിതരായിരുന്നു.