അമ്പലപ്പുഴ: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളിയുടെ കൈവിരലുകൾ തുന്നിച്ചേർക്കാനായില്ല.
ഉപജീവന മാർഗം നിലച്ച് കുടുംബം. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് കുരുട്ടൂർ പറമ്പിൽ വിജയകുമാറി(64) നാണ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് യഥാസമയം ചികിത്സ ലഭിക്കാതെ വന്നത്. തിങ്കളാഴ്ച ഉച്ചക്ക് ആലപ്പുഴ പുറം കടലിൽ വെച്ചായിരുന്നു അപകടം.
മത്സ്യബന്ധന ബോട്ടിലെ ഡ്രൈവറായ ഇദ്ദേഹത്തിന്റെ വലതു കൈ ബെൽറ്റിനടിയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ബോട്ടിൽ ഇദ്ദേഹത്തെ വളഞ്ഞ വഴിയിലെത്തിച്ചു.
തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചു. വലതു കൈയുടെ നാല് വിരലുകൾ അറ്റ നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ശസ്ത്രക്രിയ നടന്നത് രാത്രി എട്ടിനാണ്.
മറ്റ് ശസ്ത്രക്രിയകളുടെ തിരക്കുള്ളതുകൊണ്ട് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ നീണ്ടുപോയി എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് വിജയകുമാറിന്റെ ബന്ധുക്കൾ പറയുന്നു.
യഥാസമയം ശസ്ത്രക്രിയ നടത്താതിരുന്നതിനാൽ രണ്ട് വിരലുകൾ തുന്നിച്ചേർക്കാനും കഴിഞ്ഞില്ല.
രണ്ട് വിരലുകൾ പൂർണമായും മറ്റ് രണ്ട് വിരലുകൾ ഭാഗികമായും മുറിച്ചു മാറ്റേണ്ടി വന്നു.ഇതോടെ ഭക്ഷണം കഴിക്കാൻ പോലും പരസഹായം വേണ്ട അവസ്ഥയായി.
45 വർഷത്തോളമായി മത്സ്യ ബന്ധനം നടത്തി കുടുംബം പോറ്റിയിരുന്ന വിജയകുമാറിന് ഇനി ജോലിക്ക് പോകാനും കഴിയില്ല.
എങ്കിലും ആർക്കെതിരെയും ഒരു പരാതി നൽകാനും വിജയകുമാർ തയാറായിട്ടില്ല. ആശുപത്രി അധികൃതരുടെ കുറ്റകരമായ വീഴ്ച മൂലം ഒരു കുടുംബത്തിന്റെ വരുമാനമാർഗമാണ് ഇല്ലാതായത്.