എടത്വ: കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ ലോറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടവരെ എടത്വ പോലീസ് പിടികൂടി.
ആലപ്പുഴ മണ്ണഞ്ചേരി സരിത നിവാസില്‍ ശരത്ത്കുമാര്‍ (41), കഞ്ഞിക്കുഴി മറ്റത്തില്വേളി രാഹുല്‍ (24) എന്നിവരെയാണ് പിടികൂടിയത്.
പിടിച്ചെടുത്ത ടാങ്കര്‍ ലോറിയുടെ രജിസ്ട്രേഷന് പരിശോധിച്ചശേഷം മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് പിടികൂടിയത്.
നൈറ്റ് പെട്രോളിംഗിനിടെ തകഴി-എടത്വ സംസ്ഥാനപാതയില്‍ കേളമംഗലം ബണ്ടിന് സമീപത്തുവെച്ചാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറി എടത്വ പോലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴ് മണിക്കാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറിയുമായി ഡ്രൈവറും സഹായിയും എത്തിയത്.
പോലീസ് വാഹനം നിര്‍ത്തിയപ്പോള്‍ ലോറിയില്‍ നിന്ന് രണ്ടുപേര്‍ ഓടിമറയുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ഓടി ഓളിച്ചവരെ പ്രദേശത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ടാങ്കര്‍ ലോറി പോലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
എടത്വ-തകഴി സംസ്ഥാനപാതയില്‍ മാലിന്യം തള്ളല്‍ വ്യാപകമായതോടെ പ്രദേശം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
കക്കൂസ് മാലിന്യം തള്ളുന്നതിനിടെ പിടികൂടിയ ശരത്ത് കുമാറിനേയും, രാഹുലിനേയും കോടതി റിമാന്റ് ചെയ്തു.
എടത്വ സിഐ പ്രതാപചന്ദ്രന്, എസ്ഐ ഷാംനിവാസ്, സിപിഒമാരായ പ്രേജിത്ത്, വിജിത്ത്, ഹോംഗാര്‍ഡ് ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.