കൊട്ടാരക്കര: പാമ്പുകടിയേറ്റ രണ്ടര വയസുകാരിയുടെ മരണം വിദഗ്ധ ചികിത്സ അടിയന്തിരമായി ലഭിക്കാഞ്ഞതുമൂലമാണെന്ന് പരക്കെ ആക്ഷേപം.
കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും പ്രഥമ ശുശ്രൂഷക്കു ശേഷം തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലേക്കു കൊണ്ടു പോകും വഴിയായിരുന്നു കുട്ടി മരിച്ചത്.
കൊട്ടാരക്കര പള്ളിക്കൽ റാണി ഭവനിൽ രതീഷ് – ആർച്ച ദമ്പതികളുടെ മകൾ നീലാംബരിയാണ് വിദഗ്ധ ചികിൽസ ലഭ്യമാകും മുൻപേ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.
വിദഗ്ധ ചികിൽസ താലൂക്കാശുപത്രിയിൽ നിന്നും ലഭ്യമായിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷപെടുത്താൻ കഴിയുമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ.
കൊട്ടാരക്കര താലൂക്കാശുപത്രി ഫസ്റ്റ് റഫറൽ യൂണിറ്റാണെങ്കിലും ഇവിടെ വിഷ ചികിൽസാ വിഭാഗമില്ല. പാമ്പുകടിയേറ്റാൽ നൽകുന്ന പ്രതിരോധ മരുന്നായ ആന്റിവെനം മാത്രമാണ് ഇവിടെയുള്ളത്.
ഇത് നൽകിയതിനു ശേഷം സൗകര്യങ്ങളുള്ള മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാനാണ് നിർദേശം ലഭിക്കുക.
ഇത്തരം ആശുപത്രികളിലെത്തിച്ചേരാനുണ്ടാകുന്ന സമയദൈർഘ്യമാണ് മരണത്തിനിടയാക്കുന്നത്. നീലാംബരിയുടെ കാര്യത്തിൽ സംഭവിച്ചിട്ടുള്ളതും ഇതു തന്നെയാണ്.
വിഷചികിൽസാ വിഭാഗമുണ്ടായാൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാകും. വിദഗ്ധ ആരോഗ്യ പ്രവർത്തകരുടെ സേവനവും ലഭിക്കും.
ന്യൂറോളജി, നെഫ്രോളജി, കാർഡിയോളജി വിഭാഗങ്ങൾ വിഷചികിത്സക്ക് അത്യന്താപേക്ഷിതമാണ്. ഡയാലിസിസ് യൂണിറ്റും ഐസി. വെന്റിലേറ്ററും അനിവാര്യമാണ്.
ഈ സൗകര്യങ്ങളെല്ലാമുണ്ടായാലെ വിഷചികിൽസ ഫലപ്രാപ്തിയിലെത്തിക്കാൻ കഴിയു. ഇതിനായി വിഷചികിൽസാ വിഭാഗം ആരംഭിക്കുക മാത്രമേ പോംവഴിയായുള്ളു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രികളിലും വിദഗ്ധ ചികിൽസയും സൗകര്യങ്ങളും ലഭ്യമല്ല.
പാമ്പുകടിയേറ്റാൽ അര മണിക്കൂറിനകം ആന്റിവെനം കുത്തിവെച്ചിരിക്കണമെന്നാണ്. നീലാംബരിക്ക് കൊട്ടാരക്കര താലൂക്കാശുപത്രിയിൽ നിന്നും അത് ലഭിച്ചിരുന്നു.
എങ്കിലും കിഡ്ണിയേയും തലച്ചോറിനെയും ബാധിക്കുമെന്നുള്ളത് കൊണ്ടാണ് കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടത്.
ഇതിനായി കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തെത്തണമെങ്കിൽ ഒന്നര മണിക്കൂറെങ്കിലും വേണ്ടിവരും. ഈ സമയ ദൈർഘ്യം മൂലം പാമ്പുകടിയേറ്റ നിരവധി പേർ ആശുപത്രിയിലെത്തും മുമ്പേ മുൻകാലങ്ങളിലും മരണപ്പെട്ടിട്ടുണ്ട്.
കൊട്ടാരക്കര താലൂക്കാശുപത്രി ജില്ലയുടെ മധ്യഭാഗത്താണ് പ്രവർത്തിക്കുന്നത്. അടിയന്തിര ഘട്ടങ്ങളിലെല്ലാം ആളുകൾ ഓടിയെത്തുന്നതും ഇവിടേക്കാണ്.
പക്ഷേ അവരെ രക്ഷിക്കാനുള്ള ഫലപ്രദമായ സംവിധാനങ്ങളൊന്നും ഇവിടെയില്ല. മലയോര മേഖലയാണ് കൊട്ടാരക്കര. കാടും, റബറും, കനാലുകളും വയലേലകളും നിറഞ്ഞതായതിനാൽ വിഷജീവികൾ ധാരാളമായി ഇവിടെയുണ്ട്.
തൊഴിലാളികളും കർഷകരുമാണ് വിഷജീവികളുടെ ഇരയാകുന്നതിലധികവും. കൊട്ടാരക്കരയിലെ ട്രോ മോകെയർ യൂണിറ്റും പ്രവർത്തനസജ്ജമല്ല.
കെട്ടിടവും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയിട്ട് രണ്ടു വർഷത്തിലധികമായി. വിദഗ്ധ ഡോക്ടർമാരെയും അനുബന്ധ ആരോഗ്യ പ്രവർത്തകരെയും നിയമിക്കാത്തതാണ് പ്രവർത്തനം ആരംഭിക്കാൻ തടസം.
എംസി റോഡും ദേശീയപാതയും കടന്നു പോകുന്നതിനാൽ നിരന്തരം റോഡപകടങ്ങൾ സംഭവിക്കാറുണ്ട്.
അടിയന്തിര ചികിൽസ നൽകാൻ കഴിയാത്തതുമൂലം അപകടത്തിൽപ്പെടുന്നവരെ തിരുവനന്തപുരത്തേക്ക് പറഞ്ഞു വിടുകയാണ് പതിവ്. കാലതാമസം ഇവിടെയും മരണക്കണക്ക് വർധിപ്പിച്ചു വരുന്നു.
താലൂക്കാശുപത്രിയുടെ വികസനത്തിനായി കോടികൾ ചിലവഴിച്ച കണക്കാണ് ജനപ്രതിനിധികൾ നിരത്തുന്നത്. ഇപ്പോഴും ബഹുനില മന്ദിരത്തിന്റെ നിർമാണം നടന്നു വരുന്നു.
എന്നാൽ പ്രതിസന്ധി ഘട്ടത്തിൽ ജീവൻ നിലനിർത്താനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. റോഡപകടം, വിഷ ബാധ, ഹൃദയാഘാതം എന്നിവ മൂലമെത്തുന്നവരെ മറ്റാശുപത്രികളിലേക്ക് മാറ്റേണ്ടി വരുന്നു.
അവിടെയെത്താനുളള കാലതാമസം ജീവിതം തുലാസിലാക്കുകയുമാണ്. നീലാംബരിക്ക് സംഭവിച്ചത് അനുഭവ പാഠമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.