എരുമേലി: പെയിന്റിംഗ് വർക്ക് ഷോപ്പിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ആളെ എക്സൈസ് സംഘം പിടികൂടി.
എരുമേലി വടക്ക് വില്ലേജിൽ പുഞ്ചവയൽ കരയിൽ പാക്കാനം സ്വദേശി ഷെമീർ ഇബ്രാഹി(40)മാണ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും എരുമേലി എക്സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ റെയിഡിൽ കഞ്ചാവ് സഹിതം അറസ്റ്റിലായത്.
മുന്പ് രണ്ടര കിലോ കഞ്ചാവുമായി പിടിക്കപ്പെട്ടശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു ഇബ്രാഹിം. പിന്നീട് പെയിന്റിംഗ് വർക്ക്ഷോപ്പിന്റെയും സർവീസ് സ്റ്റേഷൻന്റെയും മറവിൽ യുവാക്കൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിറ്റഴിച്ചുവരികയായിരുന്നു.
തമിഴ്നാട് കന്പം ഭാഗത്തുനിന്നും കിലോക്കണക്കിന് കഞ്ചാവ് എത്തിച്ചശേഷം 500, 1,000 രൂപ നിരക്കിൽ സർവീസ് സ്റ്റേഷന്റെ മറവിൽ യുവാക്കൾക്കിടയിൽ ചെറു പൊതികളാക്കി വിറ്റു വരികയായിരുന്നു.
എക്സൈസ് കമ്മീഷണർ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
കാറുകളിലും ബൈക്കുകളിലും സർവീസ് ചെയ്യാൻ എന്ന വ്യാജേനെ ധാരാളം യുവാക്കൾ ഇവിടെയെത്തിയ ശേഷം കഞ്ചാവ് വാങ്ങുകയാണ് പതിവ്.
ഇന്നലെ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും വിൽപ്പനയ്ക്ക് സൂക്ഷിച്ച 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
റെയ്ഡിന് എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ വൈശാഖ് വി. പിള്ള, എരുമേലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബി. അൻഷാദ്, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പ്രവെന്റിവ് ഓഫീസർ ഫിലിപ്പ് തോമസ്, കെ.എൻ. സുരേഷ് കുമാർ, എം. അസീസ് എന്നിവരും സിവിൽ എക്സൈസ് ഓഫീസർമാരായ നൗഫൽ കരീം, കെ.വി. വിശാഖ്, എരുമേലി എക്സൈസ് റേഞ്ച് പ്രവന്റീവ് ഓഫീസർ സി.ആർ. രമേശ്, സിവിൽ എക്സൈസ് ഓഫീസർമാരായ സമീർ, രവിശങ്കർ, പ്രശോഭ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിബി എന്നിവർ പങ്കെടുത്തു.