“ഏതെങ്കിലുമൊരു സന്ദര്‍ഭത്തിലെങ്കിലും അക്രമി അവന്റെ മുന്‍കരുതലിന് ഒരു അയവ് വരുത്തും …അതാണ് രക്ഷപ്പെടാനുള്ള നിങ്ങളുടെ അവസരം.” 33കാരിയായ കാരാ റോബിന്‍സണ്‍ ചേംബര്‍ലെന്‍ ടിക്ടോക്കിലെ തന്റെ 181,000 ഫോളോവേഴ്സിനോടു പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ നേരിട്ട അസാധാരണമായ അഗ്നിപരീക്ഷയെക്കുറിച്ചു സമൂഹമാധ്യമത്തിലൂടെ തുറന്നു പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഭയത്തിന്റെ നിഴലായിരുന്നില്ല, മറിച്ചു അതിജീവനത്തിന്റെ കരുത്തായിരുന്നു പ്രകടമായിരുന്നത്. കാരയുടെ സംഭവബഹുലമായ അതിജീവനകഥ ഏതൊരു മനുഷ്യന്റെയും നെഞ്ചിടിപ്പ് കൂട്ടും….
18 വര്‍ഷങ്ങള്‍ക്ക് മുമ്പ്….
2002 ജൂണ്‍ 24. പതിനഞ്ചുകാരിയായ കാര സുഹൃത്തിന്റെ വീട്ടിലെ മുന്‍വശത്തുള്ള തേട്ടത്തിലെ ചെടികള്‍ക്കു വെള്ളമൊഴിക്കുകയായിരുന്നു. സുഹൃത്തു കുളിക്കാന്‍ പോയ സമയം അവള് തോട്ടത്തില്‍ തനിച്ചായിരുന്നു.
ആ സമയത്ത് ഒരാള്‍ നടവഴിലേക്കു കാർ കയറ്റി നിര്‍ത്തി. പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ അവള് അയാളോടു സംസാരിക്കാന്‍ ചെന്നു.
സംസാരം തുടര്‍ന്നുകൊണ്ടിരിക്കെ ചില മാസികകള്‍ കാണിച്ച് തന്നോട്ടെ എന്നു ചോദിച്ച അയാള്‍ അവള്‍ക്കു നേരെ അപ്രതീക്ഷിതമായി തോക്ക് ചൂണ്ടി. ഭയന്നു വിറച്ചുപോയ കാരയെ അയാള്‍ നിമിഷങ്ങൾ കൊണ്ടു ബന്ധിച്ച് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിനുള്ളിലാക്കി കാറിലേക്കിട്ടു.
എന്നാൽ, അവളെ തട്ടിക്കൊണ്ടുപോയ അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ചു കാണില്ല ആ തട്ടുക്കൊണ്ടുപോക്ക് അയാളുടെ തലവര തിരുത്താൻ പോകുന്ന ഒന്നായിരിക്കും എന്ന്.
പതിനെട്ട് മണിക്കൂര്‍
“എന്നെ തട്ടികൊണ്ടു പോയയാള്ക്കു കൊച്ചു കൊച്ചു ട്രോഫികള്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഇഷ്ടമായിരുന്നു. അയാള്‍ എന്നോട് ഒരുപാടു ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ എഴുതിയെടുക്കുകയും ചെയ്തു.” – അവള് പറഞ്ഞു.
അയാള്‍ അവളുടെ കാര്യങ്ങള്‍ ചോദിച്ച് അറിയുന്ന സമയംതന്നെ അയാള്‍ പോലും അറിയാതെ അയാളെക്കുറിച്ചുള്ള കാര്യങ്ങളും മനസിലാക്കുകയായിരുന്നു ഈ മിടുക്കി. അക്രമിയുടെ പിടിയില്‍നിന്ന് എങ്ങനെയങ്കിലും രക്ഷപ്പെട്ടു പോകുമ്പോള്‍ ഇയാളെ പിന്നീടു തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു അവള് അങ്ങനെ ചെയ്തത്.
ഒടുവില്‍ ആയാള്‍ നല്കിയ മയക്കുമരുന്നിന്റെ ആഘാതത്തില്‍ ബോധരഹിതയാകുന്നതിന് തൊട്ടുമുമ്പ് അവളെ അയാളുടെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു എന്നും അവള് ഓര്‍ക്കുന്നു.
ഭാഗ്യം തുണച്ച നിമിഷം
കൊടിയ പീഡനമാണ് പിന്നീട് അവൾക്കു നേരിടേണ്ടി വന്നത്. ആ പെൺകുട്ടിയെ നിർദാക്ഷിണ്യം അയാൾ കടന്നാക്രമിച്ചു. ഒടുവിൽ അവൾ പതിയെ ബോധത്തിലേക്കു തിരിച്ചുവന്നു. കണ്ണുകൾ ചിമ്മി… അനങ്ങാതെ തന്നെ ചുറ്റും കണ്ണോടിച്ചു. അയാൾ ക്ഷീണിതനായി ഉറങ്ങുന്നത് അവൾ കണ്ടു.
മയക്കുമരുന്നു നൽകിയതിനാൽ അവൾ ഉടൻ ഉണരാൻ ഇടയില്ലെന്ന ചിന്തയായിരിക്കാം മതിമറന്ന് ഉറങ്ങാൻ അയാളെ പ്രേരിപ്പിച്ചത്. എന്നാൽ. ഭാഗ്യം അവൾക്കൊപ്പമായിരുന്നു. അയാളുടെ കടന്നാക്രമണത്തിനിടയിൽ അവളെ ബന്ധിപ്പിച്ചിരുന്ന കെട്ടുകളും കൈയാമങ്ങളും അയഞ്ഞിരുന്നു.
അതു ശബ്ദമുണ്ടാക്കാതെ ഊരിയെടുക്കാനും ആ ഫ്ലാറ്റില്‍നിന്നു രക്ഷപ്പെടാനും അവള്‍ക്കു സാധിച്ചു. റോഡിലെത്തിയ കാരയെ ഒരു യാത്രക്കാരന് തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
അക്രമിയെക്കുറിച്ച് അവള് നല്കിയ വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ അവളെ തട്ടിക്കൊണ്ടു പോയ റിച്ചാര്‍ഡ് ഇവോണിറ്റ്സ് എന്നയാളെ പോലീസ് തിരിച്ചറിഞ്ഞു.
എന്നാല്‍, പോലീസ് അക്രമിയെ തേടി അയാളുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തുമ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് മൂന്നു ദിവസത്തെ തെരച്ചിലിനു ശേഷം റിച്ചാര്‍ഡിന്റെ സഹോദരിയില്‍നിന്ന് അയാള്‍ എവിടെയാണെന്നു പോലീസ് കണ്ടെത്തി. എന്നാല്‍, പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ റിച്ചാര്‍ഡ് സ്വയം വെടിയുതിര്‍ത്തു മരിച്ചു.
അയാൾ സീരിയല്‍ കില്ലര്‍ ?
മരണശേഷം റിച്ചാര്‍ഡിന്റെ സൗത്ത് കരോലിനയിലെ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ നിന്ന് പോലീസിനു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.
വിര്‍ജീനിയ സംസ്ഥാനത്ത് 1996ലും 97 ലുമായി കാണാതാകുകയും പിന്നീട് ദിവസങ്ങള്‍ക്കു ശേഷം കുളത്തിലും പുഴയിലുമായി മരിച്ചനിലയില്‍ കണ്ടെത്തിയ 16കാരിയായ സോഫിയ സില്‍വിയ, 15,12 വയസുള്ള സഹോദരിമാരായ ക്രിസ്റ്റില്‍ ലിസ്ക്, കാറ്റി ലിസ്ക് എന്നീ പെണ്‍കുട്ടികളുടെ കൊലപാതകങ്ങളുമായി ബന്ധമുള്ള തെളിവുകള്‍ ഉദ്യോഗസ്ഥര്‍ അവിടെനിന്ന് കണ്ടെത്തി.
കൊലചെയ്യപ്പെട്ടു എന്നു വിശ്വസിക്കുന്ന ഈ മൂന്നു പെണ്‍കുട്ടികളെയും സമാനമായ രീതിയിൽ അവരുടെ വീടിന്റെ മുറ്റത്തുനിന്നാണ് തട്ടിക്കൊണ്ടുപോയിരുന്നത് എന്നതും റിച്ചാര്‍ഡ് ഒരു സീരിയല്‍ കില്ലറായിരുന്നു എന്നതിന്റെ സൂചനകളിലേക്ക് വിരൽ ചൂണ്ടി. തലനാരിഴയ്ക്കാണ് കാര മരണത്തിൽനിന്നു രക്ഷപ്പെട്ടതെന്നു പോലീസ് വിലയിരുത്തി.
കാരയുടെ അതിജീവനം
തട്ടിക്കൊണ്ടുപോകലിനെ അതിജീവിച്ച കാര പീന്നീടു പോലീസില്‍ ചേര്‍ന്ന് ഇരകള്‍ക്കായുള്ള സേവനങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ രണ്ടു കുട്ടികളുടെ അമ്മയായ കാര അവരുടെ ടിക്-ടോക്കിലൂടെ സുരക്ഷയ്ക്കായുള്ള നുറുങ്ങുകള്‍ പങ്കിടാന്‍ തുടങ്ങി.
ആക്രമണകാരിയെ തിരിച്ചറിയാന്‍ സഹായിക്കുന്ന വിശദാംശങ്ങള്‍ ഓര്മിച്ചുവയ്ക്കുക എന്നത് ഇരയെ സംബന്ധിച്ച് ഏറെ പ്രധാനമാണെന്നും കാര പറയുന്നു.
ബന്ധിക്കാന്‍ അക്രമി ഉപയോഗിച്ച വിലങ്ങിന്റെ മൃദുലതയായിരുന്നു തന്നെ രക്ഷപ്പെടാന്‍ സാഹായിച്ചത്. എന്നിരുന്നാലും രക്ഷപ്പെടാന്‍ ശരിയായ നിമിഷം തെരഞ്ഞെടുക്കുന്നതാണ് ഏറെ പ്രധാനം.
”ഒരു സന്ദര്‍ഭത്തില്‍ ആക്രമണകാരി അവന്റെ മുന്‍കരുതലിന് ഒരു അയവ് വരുത്തും. അതാണ് രക്ഷപ്പെടാനുള്ള നിങ്ങളുടെ അവസരം..”- അവള് വീണ്ടും ഓര്‍മിപ്പിക്കുന്നു.