വരാപ്പുഴ: അഞ്ചാം ക്ലാസ് വിദ്യാർഥിയെ വീടിന്റെ ജനലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
വരാപ്പുഴ മുട്ടിനകം തട്ടാശേരി ബാബുവിന്റെ മകൻ അശ്വിൻ ബാബു (11) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം.
മൊബൈൽ ഫോണിന്റെ ഹെഡ് ഫോൺ വാങ്ങിത്തരാൻ വീട്ടുകാരോട് അശ്വിൻ ആവശ്യപ്പെട്ടിരുന്നു.
തത്കാലം നിർവാഹമില്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായി കിടപ്പുമുറിയിൽ കയറി വാതിലടച്ചു.
ഏറെസമയം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിൽ സംശയം തോന്നിയ വീട്ടുകാർ വാതിൽ തള്ളിത്തുറന്നപ്പോൾ ജനലിൽ തൂങ്ങിയനിലയിൽ കാണുകയായിരുന്നു.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവസമയം വീട്ടിൽ അമ്മയും അമ്മൂമ്മയും പ്ലസ് വൺ വിദ്യാർഥിയായ ചേട്ടൻ അതുൽ ബാബുവുമാണ് ഉണ്ടായിരുന്നത്.
പരിശോധനയിൽ അശ്വിന് കോവിഡ് പോസിറ്റീവാണെന്നു തെളിഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. വരാപ്പുഴ എടമ്പാടം എച്ച്ഐഎച്ച്എസ് സ്കൂൾ വിദ്യാർഥിയാണ്.