വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ അതിർത്തിയിലൂടെ മാതാപിതാക്കൾ ഇല്ലാതെ എത്തുന്ന കുട്ടികളെ പാർപ്പിക്കുന്നതിനും, അവരുടെ ചിലവുകൾക്കുമായി ബൈഡൻ അഡ്മിനിസ്ട്രേഷൻ ആഴ്ചയിൽ 60 മില്യണ്‍ ഡോളറാണ് നികുതിദായകർ നൽകുന്ന പണത്തിൽ നിന്നും ചിലവഴിക്കുന്നത്.
പ്രതിവർഷം 3.1 ബില്യൻ ഡോളർ, കുട്ടികളുടെ സുരക്ഷയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന ഫെസിലിറ്റികൾക്കുവേണ്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹുമണ്‍ സർവീസിനെ ഫെഡറൽ ഗവണ്മെന്റ് ഏൽപിക്കുന്നു.
അടുത്ത മാസങ്ങളിൽ ഈ ചിലവിൽ വൻ വർധന വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇപ്പോൾ തന്നെ 16,000 കുട്ടികളാണ് വിവിധ അതിർത്തി പ്രദേശങ്ങളിലെ ക്യാന്പുകളിൽ കഴിയുന്നത്.
പത്ത് എമർജൻസി ഷെൽട്ടറുകൾ കൂടെ സ്ഥാപിക്കുന്നതിന് ഫെഡറൽ ഗവണ്മെന്റ് അടിയന്തിര നടപടികൾ സ്വീകരിച്ചുവരുന്നു.
അതിർത്തിയിലൂടെ മാതാപിതാക്കളുടെ അകന്പടിയില്ലാതെ കടന്നുവരുന്ന കുട്ടികളെ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കസ്റ്റഡിയിലെടുത്ത് മുപ്പത്തിയൊന്ന് ദിവസം ഹെൽത്ത് ആന്റ് ഹൂമണ്‍ സർവീസിന്റെ ഷെൽട്ടറുകളിൽ താമസിപ്പിച്ചശേഷം, കുട്ടികളുടെ കുടുംബാംഗങ്ങൾ ആയിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവരേയോ, അല്ലെങ്കിൽ സ്പോണ്സർമാർക്കോ കൈമാറുകയാണെന്ന് എച്ച്എച്ച്എസിന്റെ ഡാറ്റായിൽ പറയുന്നു.
ഷെൽട്ടർ ഫെസിലിറ്റികളിൽ കഴിയുന്ന കുട്ടികൾ പീഡിപ്പിക്കപ്പെടുന്നു എന്നുള്ള ആരോപണവും ഇതോടൊപ്പം ഉയർന്നിട്ടുണ്ട്. ഇതിനെ കുറിച്ചു അന്വേഷിക്കുന്നതിന് ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ