ജോണ്സണ് വേങ്ങത്തടം
കൊച്ചി: നീറുന്ന ആനുകാലിക വിഷയങ്ങൾ ഉയർത്തി തെരുവ് അരങ്ങാക്കി പ്രതിഷേധിക്കുന്ന ബബിൽ പെരുന്നയുടെ ഒറ്റയാൾ പോരാട്ടം നാൽപതാണ്ട് പിന്നിടുന്നു. ഇതൊരു സമർപ്പണമാണ്. സ്വന്തം സന്പത്തും ജീവിതവും പോരാട്ടത്തിനു നൽകിയ വ്യക്തി.
ജനക്കൂട്ടത്തിലേക്കു കടന്നുചെന്ന് ആനുകാലിക വിഷയങ്ങളെ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നയാൾ. ഇതു ചങ്ങനാശേരി പെരുന്ന കാഞ്ഞിരത്തുംമൂട്ടിൽ വർഗീസ് ഉലഹന്നാൻ എന്ന ബബിൽ പെരുന്ന. പ്രായം 54.
ഇതിനകംതന്നെ പ്രതിഷേധാഗ്നി പടർത്തുന്ന നിരവധി വിഷയങ്ങൾ ബബിൽ സമൂഹ മനസിലുണർത്തിയിട്ടുണ്ട്.
ഇന്നലെ ഗാന്ധിജിയുടെ ചരമവാർഷിക ദിനത്തിൽ ഗാന്ധിജിയെ സ്മരിച്ചു ബബിൽ പെരുന്ന ഹൈക്കോടതി ജംഗ്ഷനിലും മറ്റു നഗരകേന്ദ്രങ്ങളിലും പാടി അഭിനയിച്ചു. മാനവസ്നേഹം ജനഹൃദയങ്ങളിൽ ഉണരാൻ സന്ദേശമേകുകയായിരുന്നു ഒറ്റയാൾ നാടകത്തിലൂടെ മിമിക്രി കലാകാരൻ കൂടിയായ ബബിൽ.
ഒരു വയോധികന്റെ വേഷത്തിൽ ഗാന്ധിജിയെ സ്മരിച്ചു നടന്നുനീങ്ങുന്ന രംഗം കാഴ്ചക്കാരുടെ മനസിനെ ആഴത്തിൽ സ്പർശിക്കുന്നതായി.
തിരക്കഥയോ സംഭാഷണമോ മുൻകൂട്ടി തയാറാക്കാതെയാണ് അവതരണം. പ്രത്യേകം മുന്നറിയിപ്പോ വേദിയോ ഒന്നുമില്ലാതെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള തെരുവോരങ്ങളിൽ വേഷമാടി.
ആദ്യം കാണുന്ന മാത്രയിൽ കാണികൾക്കെന്തും തോന്നാം. പൊടുന്നനെ ആളുകൾക്കിടയിൽ ഓടിക്കയറി വാചാലനാകും. ജനകീയ പ്രശ്നങ്ങൾ ഭരണസിരാകേന്ദ്രങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകാംഗനാടകം എന്ന ആശയം സ്വീകരിച്ചത്.
ദളിത് ആദിവാസി വിഭാഗങ്ങൾക്കു കിടപ്പാടം നിഷേധിച്ചതിൽ പ്രതിഷേധിച്ചു ശവപ്പെട്ടിയിൽ കിടന്നും ബ്ലേഡ് മാഫിയക്കെതിരേ സെക്രട്ടേറിയറ്റിനു മുന്നിലെ മരക്കൊന്പിൽ തൂങ്ങിയും നഗരത്തിലെ മാലിന്യക്കൂന്പാരത്തിനു മുകളിൽ ബോധം കെട്ടുവീണും വിലക്കയറ്റത്തിനെതിരേ പിച്ചച്ചട്ടിയെടുത്തും ബബിൽ അരങ്ങുണർത്തിട്ടുണ്ട്.
ജല മലിനീകരണം, വയോധികർ, മദ്യ വിപത്ത്, തീവ്രവാദം, പാചക വാതവിഷയം, ആദിവാസി-ദളിതർ-ദരിദ്രർ എന്നിവരോടുള്ള അവഗണന തുടങ്ങിയ സാമൂഹ്യ പ്രശ്നങ്ങൾ ഏകാഭിനയത്തിൽ അവതരിപ്പിക്കുന്പോൾ ചിലയിടങ്ങളിൽ ഗുണ്ടകൾ ബബിലിനെ അക്രമിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ അവസാനം കൈയടിയും പ്രശംസയും നൽകിയാണ് ജനം ബബിൽ പെരുന്നയെ ഓരോ വേദിളിലും ജനം യാത്രയാക്കിയിട്ടുള്ളത്. ഈ പോരാളിക്കു മുന്നിൽ ഇനിയും വിഷയങ്ങൾ ധാരാളം. തളരും വരെ ആടാൻ ഉറച്ചു ബബിൽ മുന്നോട്ട്.