പാംബീച്ച് (ഫ്ളോറിഡ): പതിമൂന്നു മാസം പ്രായമായ കുഞ്ഞ് ശരിയായ ആഹാരവും പോഷണവുമില്ലാതെ മരിച്ച സംഭവത്തിൽ കോടതി 23 വർഷം തടവ് ശിക്ഷ വിധിച്ചു.
13 മാസം പ്രായമുള്ള ടെയ്ലി എന്ന കുട്ടിയുടെമരണത്തിൽ പിതാവ് അലജാൻഡ്രൊ അലക്സ് അൽമാനാണു (43) തടവ് ശിക്ഷ ലഭിച്ചത്.
കുഞ്ഞ് മരിച്ചത് ശരിയായ ആഹാരവും പോഷണവും ലഭിക്കാത്തതിനാലാണെന്ന് കോടതി പിന്നീട് കണ്ടെത്തി. പതിമൂന്നാം മാസത്തിൽ ശരാശരി 20 പൗണ്ട് തൂക്കം ഉണ്ടാകേണ്ട കുട്ടിക്ക് ഏഴ് പൗണ്ട് തൂക്കമാണ് ഉണ്ടായിരുന്നത്.
വൃത്തിഹീനമായ സാഹചര്യത്തിലാണ് കുഞ്ഞ് വളർന്നതെന്നും കോടതി കണ്ടെത്തി.
2016 ഏപ്രിൽ ഒന്നിനാണ് ടെയ്ലി വീട്ടിൽ മരിച്ചത്. ടെയ്ലിയെ കൂടാതെ 8 മുതൽ 14 വയസുവരെ പ്രായമുള്ള ഒൻപതു കുട്ടികളുമായാണ് മാതാപിതാക്കൾ ചെറിയ വീട്ടിൽ കഴിഞ്ഞിരുന്നത്.
കുട്ടികളുടെ ശരീരം പോഷകാഹാര കുറവ് മൂലം ശോഷിച്ചതായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
ഇതിനെ തുടർന്നു കുട്ടികളെ ചൈൽഡ് ആൻഡ് ഫാമിലി ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തു. ടെയ്ലി മരിച്ചതും മാതാപിതാക്കളുടെ വീഴ്ച മൂലമാണെന്ന് കണ്ടെത്തുകയും കുട്ടികളുടെ അമ്മയെ കഴിഞ്ഞ ഒക്ടോബറിൽ 23 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.
ഡ്രൈവറായ പിതാവിന്റെ വിചാരണയ്ക്കിടെ ഇയാൾ കുറ്റം സമ്മതിക്കുകയും, മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. പാംബീച്ച് കൗണ്ടി പ്രോസിക്യൂട്ടർ വധശിക്ഷ നൽകണമെന്നാണ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്.
കുറ്റസമ്മതം നടത്തിയതോടെ ശിക്ഷ 23 വർഷമാക്കി കുറയ്ക്കുകയായിരുന്നു. 2016 മുതൽ ജയിലിൽ കഴിഞ്ഞകാലം ശിക്ഷയായി പരിഗണിക്കുന്ന് കോടതി വ്യക്തമാക്കി.
റിപ്പോർട്ട്: പി.പി. ചെറിയാൻ