സിഹക്കുട്ടിയെയും കൊണ്ട് മരത്തിനു മുകളിലൂടെ ചാടി നടക്കുന്ന ബബ്ബൂണാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ക്രൂഗര്‍ ദേശീയ പാര്‍ക്കിലാണ് ഈ അപൂര്‍വ കാഴ്ച കാണാനാവുക. സിംഹക്കുട്ടിയെ വളര്‍ത്തുന്നത് ഒരു ആണ് ബബ്ബൂണാണെന്നതാണ് ഏറ്റവും വലിയ സവിശേഷത. സിംഹക്കൂട്ടത്തില്‍ നിന്ന് തട്ടിയെടുത്ത സിംഹക്കുട്ടിയെയാണ് താഴെയും തലയിലും വയ്ക്കാതെ ബബ്ബൂണ് വളര്‍ത്തുന്നത്.
ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ ഔദ്യോഗികാവശ്യത്തിനെത്തിയ കര്‍ട്ട് ഷള്‍ട്സ് എന്നയാളാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫെബ്രുവരി ഒന്നിന് പാര്‍ക്ക് സന്ദര്‍ശിക്കാനിറങ്ങിയപ്പോഴാണ് ബബ്ബൂണുകള് അസാധാരണമായി ബഹളം വയ്ക്കുന്നത് കര്‍ട്ടിന്റെ ശ്രദ്ധയില്‍ പെട്ടത്.
അതിരാവിലെ ബബ്ബൂണുകള് ഇങ്ങനെ ബഹളം കൂട്ടുന്നത് അപൂര്‍വമാണ്. സ്കുകൂസായിക്കു സമീപമാണ് ബബ്ബൂണ് കൂട്ടത്തെ കണ്ടത്. ശ്രദ്ധിച്ചപ്പോള്‍ കൂട്ടത്തില്‍ ഒരു ബബ്ബൂണിന്റെ കൈയില്‍ എന്തോ ഇരിക്കുന്നതായി തോന്നി.
എല്ലാ ബബ്ബൂണുകളും നോക്കുന്നത് ആ ബബ്ബൂണിനെയാണെന്ന് കര്ട്ടിന് മനസ്സിലായി. സൂക്ഷിച്ചു നോക്കിയപ്പോള്‍ കൈയ്യിലുള്ളത് സിംഹക്കുട്ടിയാണെന്നു മനസ്സിലായി. ബബ്ബൂണുകള് കൂട്ടമായി കാണപ്പെട്ട പ്രദേശത്തിനു സമീപത്തായി പാറക്കൂട്ടമുണ്ട്. ഇവിടെ സിംഹക്കുട്ടികളുമുണ്ടായിരുന്നു. തലേന്നു രാത്രി പാറക്കൂട്ടത്തിനിടയില്‍ വിശ്രമിച്ച ബബ്ബൂണുകള് പുലര്‍ച്ചെ ഭക്ഷണം തേടിയിറങ്ങിയപ്പോഴാണ് കൂട്ടത്തില്‍ ഒരു ബബ്ബൂണിന്റെ കൈയിലുള്ള സിംഹക്കുട്ടിയെ കണ്ടത്. സിംഹക്കുട്ടിയെ സിംഹങ്ങളുടെ കണ്ണുവെട്ടിച്ച് തട്ടിയെടുത്തതാവാനാണ് സാധ്യത.
മറ്റ് ബബ്ബൂണുകള് ഭക്ഷണം തേടിപ്പോയ സമയത്ത് സിംഹക്കുട്ടിയുമായി ഈ ബബ്ബൂണ് തൊട്ടടുത്തുള്ള കൂറ്റന്‍ മരത്തിലേക്ക് കയറി. ആദ്യം കര്‍ട്ട് കരുതിയത് ഇതൊരു പെണ് ബബ്ബൂണ് ആണെന്നായിരുന്നു. പിന്നീടാണ് ഇതൊരു ആണ് ബബൂണാണെന്ന് മനസ്സിലായത്.
സ്വന്തം കുഞ്ഞിനെ പരിപാലിക്കുന്നതു പോലെയായിരുന്നു സിംഹക്കുട്ടിയോടുള്ള ബബ്ബൂണിന്റെ പെരുമാറ്റം. ഒരു മണിക്കൂര്‍ ഇവരുടെ ജീവിതം നിരീക്ഷിച്ച ശേഷമാണ് കര്‍ട്ട് മടങ്ങിയത്.
തന്റെ 20 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്തരമൊരു സംഭവം നേരിട്ട് കാണുന്നത് ആദ്യമായിട്ടാണെന്നും കര്‍ട്ട് വ്യക്തമാക്കി. കര്‍ട്ട് പകര്‍ത്തിയ ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ബബ്ബൂണിന്റെ കൈയില്‍ അകപ്പെട്ട സിംഹക്കുട്ടിയുടെ കാര്യത്തില്‍ പലരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. എപ്പോഴാണ് ബബ്ബൂണിന്റെ സ്വഭാവം മാറുന്നതെന്ന് ആര്‍ക്കറിയാം.കുരങ്ങന്റെ കൈയ്യിലെ പൂമാല പോലെയാകുമോ സിംഹക്കുട്ടിയുടെ ജീവിതം എന്നാണ് പലരും ചോദിക്കുന്നത്.