സ്വന്തം ലേഖകൻ
തൃശൂർ: മഴക്കാലത്തു കൊതുകുകളിൽനിന്നു രക്ഷപ്പെടാൻ സ്വയം നിർമിക്കാവുന്ന ചെലവു കുറഞ്ഞ കൊതുകവല സ്റ്റാൻഡ് റെഡി. പിവിസി പൈപ്പുകൾ ഉപയോഗിച്ചു തയാറാക്കുന്ന കൊതുകവല സ്റ്റാൻഡ് അഴിച്ചെടുത്ത് മറ്റൊരു മുറിയിലെ കട്ടിലിനായി ഉപയോഗിക്കാനും കഴിയും. കണ്ടുപിടിത്തങ്ങളുടെ ആശാനായ ബാബൂസാണ് ഈ കൊതുകുവല സ്റ്റാൻഡ് രൂപപ്പെടുത്തിയത്.
വലിയ കട്ടിലിനു 14 മീറ്റർ നീളമുള്ള 25 എംഎം പിവിസി പൈപ്പ്, 25 എംഎം എൽബോ നാലെണ്ണം, നാലു ടി, 50 എംഎം- 25 എംഎം റെഡ്യൂസർ നാലെണ്ണം എന്നിവ ഉപയോഗിച്ചാണ് കൊതുകുവല സ്റ്റാൻഡ് നിർമിക്കുന്നത്. സ്റ്റാൻഡ് തറയിൽ ഉറച്ചുനിൽക്കുന്നതിനാണ് റെഡ്യൂസർ ഉപയോഗിക്കുന്നത്. കട്ടിലിന്റെ നാലുഭാഗത്തും തറയിൽ വച്ച റെഡ്യൂസറിൽ ആവശ്യമായ ഉയരത്തിൽ മുറിച്ച 25 എംഎം പൈപ്പ് കുത്തനേ ഫിറ്റുചെയ്യുക, മുകൾഭാഗത്തു ടി യും എൽബോയും ഫിറ്റുചെയ്തു കട്ടിലിന്റെ വലുപ്പം അനുസരിച്ചു നീളത്തിലും വീതിയിലും പൈപ്പ് മുറിച്ച് എൽബോകളിൽ ഉറപ്പിച്ചാൽ കൊതുകവല സ്റ്റാൻഡ് തയാർ. ഇതിനു മുകളിലൂടെ കൊതുകുവലയിടാം.
സ്റ്റാൻഡ് മറ്റൊരു മുറിയിലേക്കു കൊണ്ടുപോകാം. കട്ടിലിന്റെ അളവനുസരിച്ചു പൈപ്പിൽ കപ്ലിംഗ് ചെയ്താൽ നീളം കൂട്ടാനും കഴിയും. കോലഴിയിലെ ഫീൽഡ് നഗറിൽ താമസിക്കുന്ന കെ.ടി. ബാബു ഇതിനു മുന്പു വികസിപ്പിച്ചെടുത്ത നാല് ഉപകരണങ്ങൾ ജനശ്രദ്ധ നേടിയിരുന്നു.
ദൂരം പാലിച്ചുകൊണ്ട് പടക്കം പൊട്ടിക്കാവുന്ന ലൈറ്റർ, വെള്ളമോ പാലോ തിളയ്ക്കുന്പോൾ അലാറം മുഴക്കുന്ന സംവിധാനം, തിരമാലകളിൽനിന്ന് ഉൗർജോത്പാദന സംവിധാനം, ജംഗ്ഷനിൽനിന്നു മറ്റൊരിടത്തേക്കു മാറ്റാവുന്ന ട്രാഫിക് സിഗ്നൽ തുടങ്ങിയവയാണു ശ്രദ്ധേയമായവ. തൃശൂർ ചെന്പോട്ടിൽ ലെയിനിൽ ബാബൂസ് പവർ ടൂൾസ് എന്ന സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം.