ന്യൂ ഡൽഹി: അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി അനുമതി. മുസ്ലിമുകൾക്ക് മസ്ജിദ് പണിയാൻ വേറെ അഞ്ച് ഏക്കർ ഭൂമി നൽകും. മൂന്നു മാസത്തിനകം കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപികരിച്ച് തർക്കഭൂമി ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.
2.77 ഏക്കർ ഭൂമി മൂന്നു കക്ഷികൾക്കു തുല്യമായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീകോടതി പ്രസ്താവിച്ചു. ഇന്നു രാവിലെ 10.30ന് ആരംഭിച്ച വിധി പ്രസ്താവനം അരമണിക്കൂറോളം നീണ്ടു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ, ഡി.വൈ. ചന്ദ്രചൂഡ്, എസ്. അബ്ദുൾ നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റു ജഡ്ജിമാർ. കീഴ്വഴക്കം മറികടന്നാണ് അവധിദിനമായ ഇന്ന് വിധി പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് ആറു മുതൽ തുടർച്ചയായി 40 ദിവസം(ആഴ്ചയിൽ അഞ്ചു ദിവസം ) നീണ്ട തുടർവാദത്തിനുശേഷമാണു വിധി പറഞ്ഞത്. 2.77 ഏക്കർ തർക്കഭൂമി മൂന്നു കക്ഷികൾക്കുമായി തുല്യമായി വിഭജിച്ച് 2010ൽ അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരേയുള്ള അപ്പീലുകളിലാണ് വിധി.
അയോധ്യയിൽ എല്ലാം സാധാരണപോലെ
അയോധ്യ (ഉത്തർപ്രദേശ്): അയോധ്യ കേസിൽ വിധി പറഞ്ഞ ഇന്ന് ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം ഉൾപ്പെടുന്ന ഫൈസാബാദിലുൾപ്പെടെ ജനജീവിതം സാധാരണനിലയിൽ. എവിടെയും പോലീസിന്റെയും സൈന്യത്തിന്റെയും വലിയ സാന്നിധ്യമുണ്ടെങ്കിലും നാട്ടുകാർ തങ്ങളുടെ ദൈനംദിന ജോലികളിൽ വ്യാപൃതരാകുന്ന കാഴ്ചകളാണ് അയോധ്യയിലെവിടെയും.
ഇതുതന്നെയാണ് ചാനലുകളിൽ ഉൾപ്പെടെ ഇന്നു രാവിലെ മുതൽ ലൈവായി കണ്ടത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർ കാണിക്കുന്ന ഉത്കണ്ഠപോലും അയോധ്യാ നിവാസികളിൽ കണ്ടില്ല. കടകളെല്ലാം തുറന്നു. ആളുകൾ യാതൊരു തടസവുമില്ലാതെ റോഡുകളിലൂടെ സഞ്ചരിച്ചു. ജോലിക്കു പോകാനുള്ളവർ പതിവുപോലെ വീടുകളിൽനിന്നു പുറപ്പെട്ടു.
പൊതുവാഹനങ്ങളിലും നല്ല തിരക്കാണ്. ഇരുചക്രവാഹനങ്ങളും കാറുകളുമൊക്കെ നിരത്തിലുണ്ട്. ദ്രുതകർമ സേന, കേന്ദ്രസേന, പോലീസ് എന്നിവരുടെ സാന്നിധ്യമാണ് അയോധ്യയിൽ വിധി പറയുന്ന ഇന്ന് പ്രത്യേക കാര്യമായി എടുത്തുപറയാനുള്ളത്. മഫ്തിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കാര്യങ്ങൾ.
സമാധാനവും സൗഹാർദവും നിലനിർത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബദ്ധമായിരിക്കണം: തങ്ങൾ
മലപ്പുറം: ദശാബ്ദങ്ങളായി തുടരുന്ന ബാബറി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി വരുന്ന പശ്ചാത്തലത്തിൽ സമാധാനവും സൗഹാർദവും നിലനിർത്തുന്നതിന് എല്ലാവരും പ്രതിജ്ഞാബന്ധമായിരിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അഭ്യർഥിച്ചു.
രാജ്യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം. അസഹിഷ്ണുതയും പ്രകോപനവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളുണ്ടായാൽ അതിൽ വശംവദരാവരുത്. വിധിയുടെ പേരിൽ നാടിന്റെ സമാധാനത്തിനും സൗഹാർദത്തിനും ഭംഗം വരാതിരിക്കാൻ ജാഗ്രതപുലർത്തണം. പരസ്പരസ്നേഹവും സാഹോദര്യവും എക്കാലവും തുടരണം. അതാണ് രാജ്യത്തിന്റെ അഭിലാഷമെന്നും തങ്ങൾ പറഞ്ഞു.
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിന്റെ നാൾവഴികളിലൂടെ
1528ലാണ് അയോധ്യയിലെ ബാബറി മസ്ജിദ് നിർമിച്ചത്.
1853ൽ ബാബറി മസ്ജിദ് നിർമിച്ച സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്ന പ്രചാരണം ശക്തിപ്പെട്ടു.
1984: രാമക്ഷേത്രം നിർമിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാൻ വിശ്വ ഹിന്ദു പരിഷത്ത് ഒരു സമിതിക്ക് രൂപം നൽകി.
1990ൽ രാമക്ഷേത്ര നിർമാണത്തിന് പിന്തുണ തേടി എൽ.കെ. അഡ്വാനി രഥയാത്ര സംഘടിപ്പിച്ചു.
1992 ഡിസംബർ 6 – ബാബറി മസ്ജിദ് തകർത്തു
2003ൽ അലഹബാദ് ഹൈക്കോടതി സ്ഥലത്ത് പുരാവസ്തു ഗവേഷകരോട് പഠനം നടത്താൻ ആവശ്യപ്പെട്ടു.
2010 സെപ്റ്റംബറിൽ ഭൂമി മൂന്നായി തിരിച്ച് ഹിന്ദു മഹാസഭയുടെ കീഴിലുള്ള രാംലല്ലയ്ക്കും നിർമോഹി അഖാഡയ്ക്കും വഖഫ് ബോർഡിനുമായി വീതിച്ചു നൽകികൊണ്ട് അലഹാബാദ് ഹൈക്കോടതി കേസിൽ വിധി പ്രഖ്യാപിച്ചു.
2011 സെപ്റ്റംബറിൽ സുപ്രീംകോടതി അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. വഖഫ് ബോർഡും ഹിന്ദു മഹാസഭയും സുപ്രീംകോടതിയെ സമീപിച്ചതോടെയായിരുന്നു നടപടി.
2017 മാര്‍ച്ച്- കേസ് കോടതിക്കുപുറത്ത് ഒത്തുതീര്‍ക്കാന്‍ സുപ്രീംകോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറിന്റെ നിര്‍ദേശം
2018 ഫെബ്രുവരി- സുപ്രീംകോടതി സിവില്‍ അപ്പീലുകള്‍ കേള്‍ക്കാന്‍ തുടങ്ങി
2018 ജൂലൈ 20 -സുപ്രീംകോടതി വിധി പറയുന്നത് മാറ്റിവച്ചു
2019 ജനുവരി എട്ട്-കേസ് കേള്‍ക്കാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണഘടനാബെഞ്ചുണ്ടാക്കി
2019 ഫെബ്രുവരി 26 – കേസില്‍ മധ്യസ്ഥതയ്ക്ക് കോടതി
2019 മാര്‍ച്ച് എട്ട്- മുന്‍ ജഡ്ജി എഫ്.എം. കലീഫുള്ള, ശ്രീ ശ്രീ രവിശങ്കര്‍, മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ശ്രീരാം പഞ്ചു എന്നിവരുള്‍പ്പെടുന്ന മൂന്നംഗ മധ്യസ്ഥസമിതിക്ക് സുപ്രീംകോടതി രൂപംനല്കി.
2019 മേയ് 10-മധ്യസ്ഥ സമിതി കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്കി
2019 ഒക്ടോബര്‍ 16-വിചാരണ പൂര്‍ത്തിയായി
2019 നവംബർ 9- വിധി പ്രസ്താവിച്ചു. തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാനും മസ്ജിദിന് പകരം ഭൂമി നൽകാനും സുപ്രീംകോടതി ഉത്തരവിട്ടു.