കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ അമ്മയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തി നടത്തിയ മൊഴിയെടുക്കൽ അരമണിക്കൂർ നീണ്ടു. 2013ലെ അമ്മയുടെ താരനിശ സംബന്ധിച്ച കാര്യങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്ന് ഇടവേള ബാബു പിന്നീടു പറഞ്ഞു.
താരനിശയുടെ സംഘാടന ചുമതല തനിക്കായിരുന്നതിനാൽ എല്ലാ വിവരങ്ങളും അന്വേഷണ സംഘം ആരാഞ്ഞെന്നും കേസിനു സഹായകമാകുന്ന കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താരനിശ സംബന്ധിച്ചുള്ള ചില രേഖകളും ഇടവേള ബാബു കൈമാറിയെന്നാണു സൂചന. അമ്മയുടെ സെക്രട്ടറി എന്ന നിലയിലും വ്യക്തിപരമായും ഒട്ടുമിക്ക താരങ്ങളുമായി ഇടവേള ബാബുവിന് അടുത്ത ബന്ധമാണുള്ളത്.
സിനിമാമേഖലയിലെ നിരവധി കാര്യങ്ങൾ മൊഴിയെടുക്കലിലൂടെ അന്വേഷണസംഘത്തിനു വ്യക്തമായെന്നാണ് ഉന്നത പോലീസ് കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. 2013ൽ അമ്മയുടെ സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ടു കൊച്ചിയിലെ ഹോട്ടൽ അബാദ് പ്ലാസയിൽ നടന്ന റിഹേഴ്സലിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വാക്കുതർക്കുമുണ്ടായതാണു ഗൂഢാലോചനയ്ക്ക് അടിസ്ഥാനമായി പോലീസ് ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണം.
ദിലീപിന്റെ കുടുംബജീവിതത്തിൽ നടി മൂലം പ്രശ്നങ്ങളുണ്ടായെന്ന വിശ്വാസമാണു ക്വട്ടേഷനിൽ കലാശിച്ചതെന്നും പോലീസ് അനുമാനിക്കുന്നു. ഹോട്ടൽ അബാദ് പ്ലാസയിൽ വച്ചാണു പൾസറിനു ദിലീപ് ക്വട്ടേഷൻ നൽകിയത്. ഇവിടെ സുനിയെത്തിയതിന്റെയും ദിലീപിനെ കണ്ടതിന്റെയും വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നു.
ഹോട്ടലിൽ വാക്കുതർക്കമുണ്ടായപ്പോൾ ദിലീപിനെയും നടിയെയും പ്രമുഖതാരങ്ങൾ ചേർന്നാണു പിടിച്ചുമാറ്റിയതെന്നു പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു വാക്കുതർക്കമുണ്ടായതു തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഇടവേള ബാബു പറയുന്നത്. കഴിഞ്ഞ മാസം അവസാനം കൊച്ചിയിൽ നടന്ന വിവാദമായ അമ്മയുടെ ജനറൽ ബോഡി യോഗത്തെക്കുറിച്ചും അന്വേഷണ സംഘം ഇടവേള ബാബുവിൽനിന്നു വിശദാംശങ്ങൾ തേടിയെന്നാണു വിവരം.
ഈ യോഗത്തിൽ ദിലീപിനു പിന്തുണ നൽകുന്നുവെന്നാണ് അമ്മ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞത്. ആക്രമിക്കപ്പെട്ട നടിയും ദിലീപും അമ്മയുടെ മക്കളാണെന്നും ആരെയും ഒറ്റപ്പെടുത്തില്ലെന്നും പറയുകയും ദിലീപിനെതിരേയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു നടന്മാരായ മുകേഷും ഗണേഷും ഉൾപ്പെടെയുള്ളർ ക്ഷുഭിതരാവുകയും ചെയ്തു. ഈ യോഗം കഴിഞ്ഞു ദിവസങ്ങൾക്കുള്ളിലാണു ദിലീപിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് അമ്മയിൽനിന്നു ദിലീപിനെ പുറത്താക്കുകയും ചെയ്തു.