കായംകുളം കൊച്ചുണ്ണിയിലെ തങ്ങള്‍ എന്ന കഥാപാത്രത്തെ ഏറ്റെടുത്ത സിനിമാപ്രേമികള്‍ക്ക് നന്ദി പറയുന്നുവെന്ന് ബാബു ആന്റണി. കൊച്ചുണ്ണി കണ്ടിറങ്ങിയ ഒരുപാടു പേര്‍ തന്നെ വിളിച്ച് അഭിനന്ദനം അറിയിച്ചെന്ന് അമേരിക്കയില്‍ നിന്നും നടത്തിയ ഫേസ്ബുക്ക് ലൈവില്‍ ബാബു ആന്റണി പറഞ്ഞു.
‘റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന്‍ ഉള്‍പ്പെടുന്ന അണിയറ പ്രവര്‍ത്തകര്‍ ഒരുപാട് കഷ്ടപ്പെട്ട് പൂര്‍ത്തിയാക്കിയ സിനിമയാണിത്. യഥാര്‍ത്ഥ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഇത്തരം ചരിത്ര സിനിമകളാകുമ്പോള്‍ അതിനനുസരിച്ചുള്ള ഗവേഷണവും ആവശ്യമാണ്. സംവിധായകന്‍ റോഷന്‍ കൃത്യമായ പഠനത്തിന് ശേഷമായിരുന്നു സിനിമ ആരംഭിച്ചത്.’ബാബു ആന്റണി പറഞ്ഞു.
‘സിനിമയുടെ ക്ലൈമാക്‌സ് ഭാഗം ചിത്രീകരിച്ചത് ശ്രീലങ്കയില്‍ വെച്ചാണ്. ആദ്യമൊക്കെ എല്ലാം നന്നായി തന്നെ പോയി. എന്നാല്‍ അടുത്തദിവസങ്ങളില്‍ കാലാവസ്ഥ മോശമാകാന്‍ തുടങ്ങി. മഴയുള്ള ഒരു രംഗത്തില്‍ നിവിന് അപകടംപറ്റി. അങ്ങനെ കുറച്ച് നാള്‍ താമസം വന്നു. അതിന്റെ ഫലം സിനിമയില്‍ നന്നായി വരുകയും ചെയ്തു. ‘ഒരുപാട് പേര്‍ എന്നോട് മോശമായി സംസാരിച്ചിട്ടുണ്ട്. അഭിനയം നിര്‍ത്തുന്നതാണ് നല്ലതെന്ന് പറഞ്ഞ സാഹചര്യങ്ങളൊക്കെയുണ്ട്. എന്നാല്‍ അതൊന്നും വകവെക്കാതെ പിടിച്ചു നിന്നു, തിരിച്ചുവന്നതിനു കാരണം ജനങ്ങളുടെ പിന്തുണയാണെന്നും താരം പറഞ്ഞു.
തമിഴിലെ ബ്രഹ്മാണ്ഡസംവിധായകന്‍ ശങ്കര്‍, ബാബു ആന്റണിയുടെ അടുത്തസുഹൃത്താണ്. അദ്ദേഹത്തിന്റെ നായക് എന്ന സിനിമയില്‍ ബാബു ആന്റണി അഭിനയിച്ചിട്ടുണ്ട്. തന്റെ ആദ്യത്തെ തമിഴ് സിനിമയായ സൂര്യനില്‍ അസോഷ്യേറ്റ് സംവിധായകനായിരുന്നു ശങ്കറനെന്ന് ബാബു ആന്റണി പറയുന്നു. 32 വര്‍ഷത്തിനിടയില്‍ സിനിമയില്‍ ഒരുപാട് ബന്ധങ്ങളുണ്ടെങ്കിലും അതൊന്നും തനിക്കായി ഉപയോഗിച്ചിട്ടില്ലെന്ന് ബാബു ആന്റണി വ്യക്തമാക്കി. വേഷത്തിന് വേണ്ടി അവരെ വിളിച്ചാല്‍ സ്‌നേഹം കൊണ്ട് അവര്‍ അവസരം നല്‍കുമെന്നും എന്നാല്‍ അങ്ങനെ ചെയ്യാന്‍ തന്റെ മനസ്സിന് തോന്നാറില്ലെന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ സിനിമയില്‍ നിന്നും ഒരുപാടു നാള്‍ മാറിനിന്നപ്പോള്‍ പണ്ട് ഒരുമിച്ചു പ്രവര്‍ത്തിച്ച സുഹൃത്തുക്കളായ അവസരം ചോദിച്ചുവെങ്കിലും ആരും സഹായിച്ചില്ലെന്നും ഇപ്പോള്‍ അവരുടെയൊന്നും സഹായമില്ലാതെ വീണ്ടും സിനിമയിലെത്താന്‍ കഴിഞ്ഞെന്നും ബാബു ആന്റണി പറയുന്നു. ഗ്രാന്‍ഡ്മാസ്റ്റര്‍, എസ്ര, ഇടുക്കി ഗോള്‍ഡ് എന്നീ സിനിമകളിലും ബാബു ആന്റണി അഭിനയിച്ചിരുന്നു. 22 വര്‍ഷങ്ങളോളം സഹതാരമായി ജോലി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം അദ്ദേഹമൊരു മുഴുനീള നായകകഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുകയാണ്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന പവര്‍സ്റ്റാറില്‍ ആക്ഷന്‍ ഹീറോ ആയാകും ബാബു ആന്റണി എത്തുക.’ഇനി നായകകേന്ദ്രീകൃതമായ സിനിമകളായും കൂടുതലായും ചെയ്യുക. ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാര്‍ എന്ന സിനിമയാണ് അടുത്ത പ്രോജക്ട്. അതൊരു മാസ് സിനിമയായിരിക്കും.
ജനങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശം. അതിലൂടെ എന്തെങ്കിലും അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. ഇതുവരെ പഞ്ചായത്തിന്റെ പോലും അവാര്‍ഡ് തനിക്ക് ലഭിച്ചിട്ടില്ലെന്നും ബാബു ആന്റണി പറഞ്ഞു. സിനിമാ ജീവിതത്തില്‍ ഇതുവരെ ഒഡീഷനില്‍ പങ്കെടുത്തിട്ടില്ല. അതൊരു അത്ഭുതമായാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല ഇന്‍ഡസ്ട്രിയുടെ നിയമങ്ങളൊന്നും ഞാന്‍ പിന്തുടരാറില്ല. എനിക്ക് സെക്രട്ടറിയോ മാനേജറോ ഇല്ല. സിനിമയില്‍ ഗോഡ്ഫാദറും ഫാന്‍സ് അസോസിഷേനും ഇല്ല. നിങ്ങളോടൊക്കെ നേരിട്ട് ബന്ധപ്പെടാനാണ് എനിക്ക് ഇഷ്ടം.ബാബു ആന്റണി പറഞ്ഞു.