ഒരുകാലത്ത് മലയാളസിനിമയിലെ സൂപ്പര്‍ജോഡികളായിരുന്നു ബാബു ആന്റണിയും ചാര്‍മിളയും. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റായതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലായി. സിനിമ വരികകളെല്ലാം ഇരുവരുടെയും പ്രണയത്തെക്കുറിച്ചെഴുതാന്‍ പേജുകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. കമ്പോളം എന്ന ചിത്രത്തിലാണ് ചാര്‍മിള ആദ്യമായി ബാബു ആന്റണിയ്‌ക്കൊപ്പം ജോഡി ചേര്‍ന്നഭിനയിക്കുന്നത്. കമ്പോളം മുതല്‍ അറേബ്യ വരെ ആറോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. അതിനൊപ്പം പ്രണയവും തളിര്‍ത്തു വളര്‍ന്നു.
ബാബു ആന്റണി് സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന സമയത്താണ് ജയരാജ് അദ്ദേഹത്തെ നായകനാക്കി അറേബ്യ എന്ന സിനിമയെടുക്കുന്നത്. അന്നത്തെകാലത്ത് വന്‍മുതല്‍മുടക്കിലായിരുന്നു ചിത്രം അണിയിച്ചൊരുക്കിയത്. നായികയായി ചാര്‍മിളയും എത്തിയതോടെ സിനിമ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടുമെന്ന് ഏവരും ഉറപ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ലഭിച്ചതിനേക്കാള്‍ മാധ്യമശ്രദ്ധയും അറേബ്യയ്ക്കു ലഭിച്ചു.
എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്. ചിത്രം ദയനീയമായി പരാജയപ്പെട്ടു. അതിനുകാരണമായതാകട്ടെ ബാബു ആന്റണിയും ചാര്‍മിളയും തമ്മില്‍ തെറ്റിപ്പിരിഞ്ഞതും. വേര്‍പിരിഞ്ഞതോടെ ഇരുവരും പരസ്പരം ആരോപണപ്രത്യാരോപണങ്ങളുമായി രംഗത്തുവന്നു. ഇതിനിടെ അറേബ്യ തിയേറ്ററുകളിലെത്തി. എന്നാല്‍ പ്രേക്ഷകര്‍ ചിത്രത്തെ സ്വീകരിക്കാന്‍ തയാറായില്ല. നിര്‍മാതാവിന് കനത്ത സാമ്പത്തികനഷ്ടമാണ് അറേബ്യയെന്ന ചിത്രം സമ്മാനിച്ചത്.