“സിനിമയിൽ നിന്നു കുറച്ചുനാൾ മാറിനിന്നതിനുശേഷമുള്ള രണ്ടാംവരവിന്റെ തുടക്കം ‘ഉത്തമനി’ലായിരുന്നു. അതിനുശേഷം സ്രാവ്, ഗ്രാൻഡ് മാസ്റ്റർ, കാഞ്ചന, വിണ്ണൈത്താണ്ടി വരുവായാ, ഏക് ദിവാനാ ഥാ, ഇടുക്കി ഗോൾഡ്, കാക്കമുട്ടൈ, മൂന്നാംനാൾ ഞായറാഴ്ച, കരിങ്കുന്നം സിക്സസ്, എസ്ര, സക്കറിയപോത്തൻ ജീവിച്ചിരിപ്പുണ്ട്, ചിത്രീകരണം പൂർത്തിയായ അടങ്ക മാരു…
അങ്ങനെ കുറേ സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാനായി. അതുകഴിഞ്ഞാണ് ഇപ്പോൾ കായംകുളം കൊച്ചുണ്ണിയിലേക്കുള്ള വരവ്…” തിയറ്ററുകൾ നിറഞ്ഞ കരഘോഷങ്ങളോടെ വരവേൽക്കുന്ന കൊച്ചുണ്ണിയുടെ ഗുരു ഇത്തിങ്ങൽ തങ്ങളായി നിറഞ്ഞാടിയ നടൻ ബാബു ആന്റണി തിരിച്ചുവരവിന്റെ സന്തോഷത്തിലും തികഞ്ഞ സംതൃപ്തിയിലുമാണ്.
“കായംകുളം കൊച്ചുണ്ണി വലിയ ബ്രേക്കാണ്. ഇതൊരു തിരിച്ചുവരവു തന്നെയാണ്. അടുത്തു ചെയ്യുന്നത് ഒമർ ലുലുവിന്റെ ‘പവർസ്റ്റാർ’. അതാണു ശരിക്കും ബാക്ക് ഇൻ ആക്ഷൻ എന്നു പറയാവുന്ന സിനിമ. കഠിനാധ്വാനവും ക്ഷമയോടെയുള്ള കാത്തിരിപ്പും ഉണ്ടായിട്ടും ഈ തിരിച്ചുവരവിന് 22 വർഷം വേണ്ടിവന്നു…”
‘കായംകുളം കൊച്ചുണ്ണി’യിലെ ഇത്തിങ്ങൽ തങ്ങളെക്കുറിച്ച്….?
ഇത്തിങ്ങൽ തങ്ങൾ ജീവിച്ചിരുന്ന വ്യക്തിയാണ്. അദ്ദേഹമായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ ഗുരുവും മെന്ററും. കൊച്ചുണ്ണിയെ കളരിപ്പയറ്റ് പഠിപ്പിച്ചത് അദ്ദേഹമാണ്. കണ്കെട്ട്, ആൾമാറാട്ടം തുടങ്ങിയ പല വിദ്യകളിലും തങ്ങൾ വലിയ വിദ്വാനായിരുന്നു. അതൊക്കെ കൊച്ചുണ്ണിയെ പഠിപ്പിച്ചതും തങ്ങളാണ്. അതുകൊണ്ടുതന്നെ കൊച്ചുണ്ണിയെ പിടിക്കാൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളവും മറ്റു പലരും ശ്രമിച്ചിട്ടും കൊച്ചുണ്ണിയെ പിടിക്കാൻ പറ്റാത്ത ഒരവസ്ഥയായിരുന്നു. പിന്നീടു ചതിവിലാണ് കൊച്ചുണ്ണിയെ പിടിക്കുന്നത്.
ഇത്തിങ്ങൽ തങ്ങൾ -തയാറെടുപ്പുകൾ …?
തങ്ങൾ എന്ന കഥാപാത്രത്തെക്കുറിച്ചു റോഷൻ എന്നോടു പറയുന്പോൾ എന്റെ മനസിൽ ഒരു ധാരണ ഉടലെടുത്തിരുന്നു. അതായത്, ഞാൻ അടിസ്ഥാനപരമായി ഒരു മാർഷ്യൽ ആർട്സ് ടീച്ചറാണ്.
അതിനാൽ ടീച്ചിംഗിന്റെ ഒരു ബേസിക് ഫൗണ്ടേഷൻ നമുക്ക് സ്വാഭാവികമായിത്തന്നെയുണ്ട്. റോഷനു വളരെ വ്യക്തമായ ഐഡിയ ഉണ്ടായിരുന്നു. കാരണം, ഒന്നര രണ്ടു വർഷമായി റോഷനും അദ്ദേഹത്തിന്റെ ടീമും ഇതിനുവേണ്ടി ഏറെ റിസേർച്ച് ചെയ്ത് ഓരോ കഥാപാത്രവും സ്കെച്ച് ചെയ്തിരുന്നു. ഓരോ കഥാപാത്രവും പെർഫോം ചെയ്യേണ്ട രീതിയെക്കുറിച്ചും അവർക്കു നല്ല ധാരണയുണ്ടായിരുന്നു. ‘എന്റെ തങ്ങൾ ഇങ്ങനെയാണ്, ഇതാണ് എനിക്കു വേണ്ടത്’ എന്നു റോഷൻ എന്നോടു പറഞ്ഞു. അതനുസരിച്ചു വേണ്ട കാര്യങ്ങൾ നമ്മൾ കൊടുത്തുകൊണ്ടിരുന്നു.
ബോബി സഞ്ജയ്യുടെ സ്ക്രിപ്റ്റ് വളര ക്രിസ്പായിരുന്നു. വളരെ ഡീറ്റയിൽഡായിത്തന്നെ എക്സ്പ്രഷനുകളും മറ്റു കാര്യങ്ങളും അതിൽ എഴുതിയിരുന്നു. അതും എനിക്കു വളരെ സഹായകമായി. ആക്ടർ എന്ന നിലയിൽ ഒരു കഥയുടെ മനസറിയുക അല്ലെങ്കിൽ കഥാപാത്രത്തിന്റെ മനസറിയുക എന്നതിലുപരി അതിന്റെ മേക്കേഴ്സിന്റെ മനസും കൂടി നമ്മൾ അറിഞ്ഞാലേ നമുക്ക് അതു വേണ്ടരീതിയിൽ കൈകാര്യം ചെയ്യാനാവുകയുള്ളൂ.
അതായത് അതിന്റെ ഡയറക്ടറുടെയും സ്ക്രിപ്റ്റ് റൈറ്റേഴ്സിന്റെയും കാമറാമാന്റെയും മൊത്തം യൂണിറ്റിന്റെ തന്നെയും മനസറിഞ്ഞെങ്കിൽ മാത്രമേ നമുക്ക് ഒരു കഥാപാത്രം നന്നായി ചെയ്യാനാവൂ; അതുപോലെ തന്നെ ഓഡിയൻസിന്റെ ഹൃദയവും. പ്രേക്ഷകർ എന്താണ് ഇഷ്ടപ്പെടുകയെന്ന ധാരണയും നമുക്ക് ഉണ്ടായിരിക്കണം. അല്ലാതെ നമ്മൾ എന്തു ചെയ്താലും പ്രേക്ഷകർ ഇഷ്ടപ്പെടുമെന്ന് എന്നെങ്കിലും വിചാരിച്ചുപോയാൽ അതൊരു പരാജയമായി മാറും.
റോഷൻ ആൻഡ്രൂസിനൊപ്പമുള്ള വർക്കിംഗ് അനുഭവങ്ങൾ…?
റോഷനുമൊത്ത് ഞാൻ ആദ്യമായിട്ടാണു വർക്ക് ചെയ്യുന്നത്. ഏറെ നല്ല വർക്കിംഗ് അനുഭവങ്ങൾ തന്നെയായിരുന്നു. ഷൂട്ടിംഗിനിടയിൽ പൂർണമായ കഠിനാധ്വാനവും ഓരോ ഷോട്ടും നന്നാക്കാനുള്ള ശ്രമവുമാണ് റോഷന്റെയും ടീമിന്റെയും ഭാഗത്തുനിന്ന് ഉണ്ടായത്.
ഷൂട്ടിംഗ് കഴിഞ്ഞു വൈകുന്നേരങ്ങളിൽ ഞാനും റോഷനും നിവിനും സണ്ണിയുമൊക്കെക്കൂടി ഒന്നു രണ്ടു മണിക്കൂർ വർത്തമാനം പറഞ്ഞ് സൗഹൃദം പങ്കിട്ടിരുന്നു. ഷൂട്ടിംഗ് തുടങ്ങിക്കഴിഞ്ഞാൽ വീണ്ടും പഴയ രീതിയിൽ ആക്ടേഴ്സും ഡയറക്ടറും എന്ന രീതിയിലുള്ള ബന്ധം മാത്രം വച്ചുള്ള വർക്കായിരുന്നു. ഏറെ ഹാർഡ് വർക്ക് ആവശ്യമുള്ള ഒരു സിനിമയായിരുന്നു ഇത്.
ബോബി സഞ്ജയ്ക്ക് ഒപ്പമുള്ള വർക്കിംഗ് അനുഭവങ്ങൾ….?
ബോബി സഞ്ജയ്യുടെ സ്ക്രിപ്റ്റിൽ ഞാൻ ആദ്യമായിട്ടാണു വർക്ക് ചെയ്യുന്നത്. കൊച്ചുണ്ണിയിലെ തങ്ങൾ വളരെ നന്നായിരിക്കുന്നുവെന്നും സെൻസർ കഴിഞ്ഞപ്പോൾത്തന്നെ ബോർഡിലെ എല്ലാം അംഗങ്ങളും അഭിനന്ദിച്ചതായും സൂചിപ്പിച്ച് സഞ്ജയ് എനിക്കു നല്ല ഒരു മെസേജ് അയച്ചിരുന്നു. ബോബി സഞ്ജയിനെ ഒരു പ്രാവശ്യമോ മറ്റോ ആണ് ഞാൻ കണ്ടിട്ടുള്ളത്. പക്ഷേ, ഇനിയും കാണാനും വർക്ക് ചെയ്യാനുമുള്ള അവസരം ഉണ്ടാകട്ടെ എന്നു ഞാൻ ആഗ്രഹിക്കുന്നു.
നിവിൻ പോളിക്ക് ഒപ്പമുള്ള വർക്കിംഗ് അനുഭവങ്ങൾ…?
വെരി നൈസ് ഗൈ – അതാണു നിവിൻ. വളരെ വിനയത്തോടെയുള്ള പെരുമാറ്റം. യാതൊരുവിധ കോംപ്ലക്സുകളുമില്ല. പ്രോജക്ട് നന്നായിരിക്കുക എന്നതു മാത്രമാണു വിചാരം. അല്ലാതെ തന്റെ കഥാപാത്രം മാത്രം നന്നായിരിക്കുക എന്നതല്ല അയാളുടെ ചിന്ത. എല്ലാ കഥാപാത്രങ്ങളും നന്നായിരിക്കുക, പടം നന്നായിരിക്കുക, പടം ഓടുക എന്നിങ്ങനെ സമീപനരീതിയുള്ള വളരെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് നിവിൻ പോളി.
മറ്റുള്ള നടന്മാർക്ക് അതില്ല എന്നല്ല ഞാൻ പറയുന്നത്. എങ്കിലും നിവിന് അതു വളരെക്കൂടുതലുണ്ട്. നിവിൻ എന്റെയൊരു ഫാൻ ആയിരുന്നു. പണ്ട് എന്റെ പടങ്ങൾ മാസികയിലും ബുക്കിലുമൊക്കെ ഒട്ടിച്ചുനടന്ന ആളാണ്. നിവിനൊപ്പവും വളരെ നല്ല എക്സ്പീരിയൻസ് ആയിരുന്നു.
അഭിനയജീവിതത്തിൽ വില്ലൻവേഷങ്ങൾ ധാരാളം. അത്തരം വേഷങ്ങൾ ഇനിയും വന്നാൽ…?
‘ചിലന്പ്’ എന്ന സിനിമയിലെ വില്ലൻ റോളിലൂടെയാണു ഞാൻ വന്നത്. ഭരതൻ എന്ന ജീനിയസിന്റെ കൈകളിലൂടെയാണ് അതു വന്നത്. അതുപോലെ തന്നെ ‘പൂവിനു പുതിയ പൂന്തെന്നൽ’ പാച്ചിക്കയുടെ വെൽ സ്ക്രിപ്റ്റഡ് വെൽ മേയ്ഡ് ഫിലിം ആയിരുന്നു. അതിലും വില്ലൻ കഥാപാത്രമായിരുന്നു. ആ സിനിമ അഞ്ചു ഭാഷകളിലേക്കു റീമേക്ക് ചെയ്തപ്പോൾ ആ കാരക്ടർ ഞാൻ തന്നെ ചെയ്തു. പക്ഷേ, അതൊക്കെ വളരെ വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു.
തീർച്ചയായും എന്റെ തുടക്കം വില്ലനായി തന്നെയാണ്. പക്ഷേ, അതിനിടയ്ക്കു വൈശാലി, അപരാഹ്നം, ശയനം തുടങ്ങിയ സിനിമകളിൽ മറ്റു ചില തരം കഥാപാത്രങ്ങൾ ചെയ്തു. ഒരു ആക്ടർ ജലം പോലെ ആയിരിക്കണമെന്നു ഞാൻ കരുതുന്നു. ഒരു കപ്പിലേക്ക് ഒഴിച്ചാൽ ആ ഷേപ്പ് ആയിരിക്കണം, ഒരു ഗ്ലാസിലേക്ക് ഒഴിച്ചാൽ ആ ഷേപ്പ്. അതുപോലെ നമ്മൾ ഒരു കാരക്ടറാവുക എന്ന വിശ്വാസമാണ് എനിക്കുള്ളത്.
പക്ഷേ, ഇപ്പോൾ അതിശക്തമായ ഒരു വില്ലൻ കഥാപാത്രം വന്നാൽ ഞാൻ തീർച്ചയായും ചെയ്യും. പക്ഷേ, റേപ്പ്, മൊളസ്റ്റിംഗ് വിമൻ… അങ്ങനെയുള്ള കഥാപാത്രങ്ങൾ ഞാൻ പണ്ടുതൊട്ടേ ചെയ്യാറില്ല. വില്ലൻ റോൾ ആണെന്നു വിചാരിച്ച് ഞാൻ ഒരിക്കലും ഒരു സിനിമ വേണ്ടെന്നു വയ്ക്കില്ല. കാരണം, ഇപ്പോൾ ഹീറോയ്ക്ക് പ്രാധാന്യമുള്ള പടങ്ങളാണ് വരുന്നതെങ്കിൽ പോലും അതിശക്തമായ, അല്ലെങ്കിൽ ഹീറോയ്ക്കു തുല്യമായ, അല്ലെങ്കിൽ ഹീറോയെക്കാൾ പവർഫുൾ ആയ വില്ലന്മാർ ഉണ്ടാവുകയാണെങ്കിൽ തീർച്ചയായും അത്തരം കഥാപാത്രങ്ങൾ ഞാൻ ചെയ്യും.
പക്ഷേ, ഇപ്പോൾ അങ്ങനെയുള്ള കഥാപാത്രങ്ങൾ വളരെ കുറവാണ്. കാരണം ഹീറോ തന്നെ എല്ലാം ചെയ്യുന്ന ഒരവസ്ഥ ഇപ്പോൾ ഇൻഡസ്ട്രിയിൽ ഉണ്ടായി. ഇനി അഥവാ ഒരുപാടു ശക്തനായ വില്ലൻ ഉണ്ടെങ്കിൽത്തന്നെ അതിനെ രണ്ടാക്കുക, മൂന്നാക്കുക…എന്നൊക്കെ വന്നപ്പോൾ നമുക്ക് അതു ചെയ്യാൻ ബുദ്ധിമുട്ടായി. ശക്തമായ വില്ലൻ വേഷമാണെങ്കിൽ; നമുക്കു പറ്റിയ പ്രതിഫലവും മറ്റും തരികയാണെങ്കിൽ തീർച്ചയായും അതു ചെയ്യും. എന്നാൽ, വില്ലനാണെന്നു പറഞ്ഞ് നമ്മളെ ചെറുതായി കണ്ടാൽ നമുക്കു ചെയ്യാൻ ബുദ്ധിമുട്ടാവും.
പവർസ്റ്റാർ വിശേഷങ്ങൾ..?
പവർസ്റ്റാറാണ് ഇപ്പോൾ കമിറ്റ് ചെയ്തിരിക്കുന്ന ഹീറോ ആയിട്ടുള്ള ഒരു ചിത്രം. ബിഗ് ബജറ്റ് ഫുൾ മാസ് സിനിമ ഞാൻ ഇതുവരെ ചെയ്തിട്ടില്ല. അതു ചെയ്യാനുള്ള ഒരവസരം ഈ പവർസ്റ്റാറിലൂടെ കിട്ടും. ഒമർലുലുവാണ് അതു സംവിധാനം ചെയ്യുന്നത്.
ഒരു ദിവസം ഒമർ ലുലു വിളിച്ച് എന്നെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്യുന്നതായി പറഞ്ഞു. കാര്യങ്ങൾ പറഞ്ഞപ്പോൾ എനിക്കിഷ്ടപ്പെട്ടു. പിന്നീടു നേരിൽ കണ്ടുകഴിഞ്ഞാണ് പവർസ്റ്റാർ എന്ന ടൈറ്റിലിൽ പ്രോജക്ട് അനൗണ്സ് ചെയ്തത്. ഒമറിന്റെ ഇപ്പോൾ നടക്കുന്ന പടം കഴിഞ്ഞാൽ അതു തുടങ്ങും. സ്ക്രിപ്റ്റിംഗും ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈനിംഗുമൊക്കെ നടന്നുകൊണ്ടിരിക്കുകയാണ്.
ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലിയ ബജറ്റ് ഫുൾ ആക്ഷൻ മാസ് സിനിമ ചെയ്യുന്നത്. എന്റെ പഴയ ആക്ഷൻ സിനിമകളായ ചന്ത, കടൽ, ദാദ, സ്പെഷൽ സ്ക്വാഡ് എന്നിവയൊക്കെ വളരെ നന്നായി ഓടിയിട്ടുണ്ട്, വലിയ ഹിറ്റുകളും ആയിട്ടുണ്ട്. പക്ഷേ, അതിനൊന്നും ഇത്ര വലിയ ബജറ്റും മറ്റുമില്ലായിരുന്നു. ഇതിനു നല്ലൊരു ബജറ്റുണ്ട്. ഏറ്റവും മോഡേണ് ടെക്നിക്കുകൾ ഉപയോഗിച്ചു വർക്ക് ഒൗട്ട് ചെയ്യുന്നതുകൊണ്ട് ഏറെ സപ്പോർട്ടിംഗ് ഘടകങ്ങളുണ്ട്.
സിനിമയിലെത്തിയിട്ടു 32 വർഷം. ഇതുവരെ ചെയ്ത വേഷങ്ങൾ താങ്കളിലെ നടനെ എത്രത്തോളം തൃപ്തിപ്പെടുത്തുന്നവയാണ്…?
32 വർഷമായി ഇങ്ങനെ സിനിമയിൽ നില്ക്കാനാവുക എന്നതു വലിയ ദൈവാനുഗ്രഹവും ഭാഗ്യവും തന്നെയാണ്. ജനങ്ങളുടെ വലിയ സപ്പോർട്ടുണ്ട്. നല്ല കഥാപാത്രങ്ങൾ ചെയ്യാനായി. നല്ല ഡയറക്ടേഴ്സിനൊപ്പം വർക്ക് ചെയ്യാനായി. നല്ല പ്രോജക്ടുകളിൽ പങ്കെടുക്കാനായി.
അതിന്റെ കൂടെത്തന്നെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ശ്രീലങ്കൻ, ഇംഗ്ലീഷ് പടങ്ങളും തുടർച്ചയായി ചെയ്തുകൊണ്ടിരുന്നു. ഇതെല്ലാം ലൈഫിന്റെ ഒരു പ്രോസസാണ്. നമ്മൾ ഒരിക്കൽ ആക്ടറായിക്കഴിഞ്ഞാൽ തുടർച്ചയായ കഠിനാധ്വാനവും നിരീക്ഷണവും അതിനോടുള്ള സമീപനരീതിയും ഭാഗ്യവും അനുഗ്രഹവും മറ്റുമാണ് നമ്മളെ ഇവിടെ നിലനിർത്തുന്നത്.
ടി.ജി.ബൈജുനാഥ്