മുക്കം: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കായി തെരഞ്ഞെടുപ്പ് പ്രചാരണ ഗാനമൊരുക്കാനായതിന്റെ സന്തോഷത്തിലാണ് ഒരു കലാകുടുംബം. മുക്കം പന്നിക്കോട് സ്വദേശി ബാബു പൊലുകുന്നത്തും കുടുംബവുമാണ് രാഹുൽ ഗാന്ധിക്കും യുഡിഎഫ് സ്ഥാനാർഥികളായ കെ .മുരളീധരൻ, രമ്യ ഹരിദാസ് എന്നിവർക്കായി ഓഡിയോ സിഡി പുറത്തിറക്കിയത്.
കെപിസിസി കലാസാംസ്കാരിക സാഹിതി അംഗം കൂടിയാണ് ബാബു. ഏഴുപാട്ടുകൾ അടങ്ങിയ സിഡിയിലെ പാട്ടുകളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് ബാബു തന്നെയാണ്. പാട്ട് പാടിയത് ബാബുവിനെ കൂടാതെ അനുജൻ വിജീഷ് പൊലു കുന്നത്ത്, സഹോദര പുത്രി കല്ലുമോൾ എന്നിവരും ബന്ധുവായ ശശി കല്ലടയുമാണ്.
രാഹുൽ ഗാന്ധിക്കായി മൂന്നുപാട്ടുകളും മുരളീധരനും രമ്യ ഹരിദാസിനുമായി ഓരോ പാട്ടുകളും ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയത്തിനായി രണ്ട് പാട്ടുകളുമാണ് സി ഡി യിൽ ഉള്ളത്. എഡിറ്റിംഗിനും മിക്സിംഗിനും മറ്റുമായി 30,000 രൂപയോളം ചെലവായതായി ബാബു പറഞ്ഞു.
യുഡിഎഫിനെയും രാഹുൽ ഗാന്ധിയെയും സ്നേഹിക്കുന്നവരിൽനിന്ന് ലഭിച്ച തുകയും ബാക്കി സ്വന്തം കീശയിൽ നിന്ന് ചെലവഴിച്ചുമാണ് ഗാനങ്ങൾ തയാറാക്കിയത്. ഇനി രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് സിഡി കൈമാറണമെന്നാണ് ബാബുവിന്റെയും പിന്നണി പ്രവർത്തകരുടെയും ആഗ്രഹം. ഈ മാസം 16, 17 ദിവസങ്ങളിൽ രാഹുൽ കേരളത്തിലെത്തുമ്പോൾ അതിന് കഴിയും എന്ന് തന്നെയാണ് ഇവരുടെ പ്രതീക്ഷ