മാഹി: പള്ളൂരിലെ സിപിഎം ലോക്കൽ കമ്മറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ പള്ളൂരിലെ ഒ.പി. രജീഷ്, കരീക്കുന്നുമ്മൽ സുനിൽ, പാനൂരിലെ അരുൺ ഭാസ്കർ എന്നിവരെയാണ് ഇന്നലെ രാത്രി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരെ ഇന്ന് വൈകുന്നേരം മാഹി കോടതിയിൽ ഹാജരാക്കും. മംഗളൂരുവിൽ വച്ചാണ് ഇവർ പിടിയിലായത്. കഴിഞ്ഞ മാസം 12ന് കൊലയാളി സംഘത്തിലെ പാനൂർ ചെണ്ടയാടെ ജെറിൻ സുരേഷ്, ശ്യംജിത്ത്, ഈസ്റ്റ് പള്ളൂർ സ്വദേശി പി.കെ.നിജേഷ്, പന്തക്കൽ വയലിൽ പീടികയിലെ പി.കെ. ശരത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബാബുവിനെ കൊലപ്പെടുത്തിയ സംഘത്തിൽ 12 പേരുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. കഴിഞ്ഞ മാസം ഏഴിന് രാത്രിയായിരുന്നു ബാബു കൊല്ലപ്പെട്ടത്. രണ്ട് സ്ക്വാഡുകൾ ആയി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.