മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഇനിയും അറസ്റ്റിലാകാനുള്ളത് അഞ്ചുപേർ. 12 അംഗസംഘമാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ഇന്നലെ അറസ്റ്റിലായ 3 ആർഎസ്എസ് പ്രവർത്തകരെ കൂടി മാഹി കോടതി ഇന്ന് റിമാൻഡ് ചെയ്തു.
പള്ളുരിലെ കരീക്കുന്നുമ്മൽ സുനി, പള്ളൂർ സബ്ബ് സ്റ്റേഷനടുത്തെ ഒതയോത്ത് വീട്ടിൽ ഒ.പി. രജീഷ്, പാനൂർ ക്യൂറ്റേരി കെ.സി. മുക്കിലെ അരുൺ ഭാസ്ക്കർ എന്നിവരാണ് ഇന്ന് റിമാൻഡിലായ പ്രതികൾ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കഴിഞ്ഞ മാസം 12 ന് കേസിൽ ഉൾപ്പെട്ട നാലുപേരെ റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ മാസം ഏഴിന് രാത്രി പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിൽ വെച്ചാണ് ബാബുവിനെ കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് നാലുദിവസം പിന്നിട്ടപ്പോൾ നാലുപ്രതികളെ പിടികൂടാനായെങ്കിലും കൊല നടന്ന് ഒരു മാസം എത്തുമ്പോൾ മാത്രമെ അന്വേഷണ സംഘത്തിന് ഇന്നലെ മൂന്നുപ്രതികളെ കൂടി പിടികൂടാനായിട്ടുള്ളു.പ്രതികൾ കൊല നടത്തിയ ശേഷം സംസ്ഥാനം വിട്ടു പോയതാണ് പ്രതികളെ പിടികൂടുവാൻ വൈകുന്നെതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.