ചാലക്കുടി: കൊന്നക്കുഴി കുന്നുമ്മൽ ബാബുവിന്റെ കൊലപാതകം സംബന്ധിച്ച് അറസ്റ്റിലായ മകൻ ബാലുവിനെ പോലീസ് കൊന്നക്കുഴിയിലുള്ള വീട്ടിൽ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. ബൈക്ക് മോഷണക്കേസിൽ റിമാൻഡിലായിരുന്ന ബാലുവിനെ കോടതിയിൽനിന്നും കസ്റ്റഡിയിൽ വാങ്ങിയാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് കൊന്നക്കുഴിയിലുള്ള വീട്ടിൽ കൊണ്ടുവന്ന ബാലു ഉണ്ടായ സംഭവം പോലീസിനോട് വിശദീകരിച്ചു.
വീടിന്റെ മുൻവശത്തുവച്ച് ഒരു മരക്കന്പുകൊണ്ടാണ് പിതാവ് ബാബുവിനെ തലയ്ക്കടിച്ചത്. തലയ്ക്ക് അടിയേറ്റ് കിടന്ന ബാബുവിനെ കുറേസമയം കഴിഞ്ഞാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. മരത്തിൽനിന്നും വീണാണ് പരിക്കേറ്റതെന്ന് പറയാൻ അമ്മയാണ് പറഞ്ഞതെന്നും ഇതിനുശേഷം തലയ്ക്കടിച്ച മരക്കന്പും മറ്റും അമ്മ എടുത്ത് നശിപ്പിച്ചുകളഞ്ഞു.
സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇപ്പോൾ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മ ഇപ്പോഴും ഒളിവിലാണ്. എസ്ഐ ബി.കെ.അരുണ്‍, എഎസ്ഐ ഡേവീസ് എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.