സ്വന്തം ലേഖകൻ
ചാലക്കുടി: അച്ഛനെ കൊലപ്പെടുത്തിയെന്ന കുറ്റസമ്മതം നടത്തിയ മകൻ എത്രാമത്തെ വയസിലാണ് കൊല നടത്തിയതെന്ന് പോലീസ് പരിശോധിക്കുന്നു. കൊന്നക്കുഴി സ്വദേശി കുന്നുമ്മൽ ബാബുവിന്റെ(52) മകൻ ബാലു(19) വാണ് താൻ ഒരു വർഷം മുൻപ് അച്ഛനെ കൊലപ്പെടുത്തിയ വിവരം ബൈക്ക് മോഷണകേസിൽ അറസ്റ്റിലായപ്പോൾ പോലീസിന് മുന്പാകെ വെളിപ്പെടുത്തിയത്.
ഇപ്പോൾ 19 വയസുള്ള ബാലു ഒരു വർഷം മുന്പ് കൊല നടത്തുന്പോൾ 18-ാം വയസിലാണോ കൃത്യം നടത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. ബൈക്ക് മോഷണകേസിൽ റിമാൻഡിൽ കഴിയുന്ന ബാലുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി കൊലപാതക കേസിന്റെ തുടരന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. ഇതിനായി നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
കൊലപാതകം നടത്തിയെന്ന് ബാലു സമ്മതിച്ചിട്ടുണ്ടെങ്കിലും തെളിവെടുപ്പ് അടക്കമുള്ള നടപടികൾ ഇനി പൂർത്തിയാക്കാനുണ്ട്.ബാബു മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ പരിക്കുകളിൽ അണുബാധയുണ്ടായതിനെ തുടർന്നാണ് മരണമെന്നാണ് ബാബുവിന്റെ ഭാര്യയും മകൻ ബാലുവും ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞിരുന്നത്.
ബാബു മരിച്ച് അധികം വൈകാതെ ഇവരുടെ അമ്മ കുട്ടികളെ ഉപേക്ഷിച്ച് പോവുകയും ചെയ്തു. ചെറിയ കുട്ടികളെ ഉപേക്ഷിച്ചുപോയ അമ്മയുടെ പേരിൽ പോലീസ് കേസെടുക്കും. ഇതിന്റെ നടപടികളും പുരോഗമിക്കുകയാണ്.
കൊലപാതക വിവരം മറച്ചുവെക്കാൻ നിർദ്ദേശിച്ചത് അമ്മയാണെന്ന് ബാലു മൊഴി നൽകിയ പശ്ചാത്തലത്തിൽ കൊലപാതകേസിൽ അമ്മയെ പ്രതിചേർക്കണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.