തലശേരി: സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കണ്ണിപ്പൊയിൽ ബാബുവിനെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം തലശേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനും 2016ലെ വധോദ്യമകേസ് പുനരന്വേഷിക്കാനും പോലീസ് തയാറാകണം.
കൊലപാതകം നടന്ന് മൂന്ന് മാസമാകാറായിട്ടും മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം മന്ദഗതിയിലാണ് നീങ്ങുന്നത്. മൂന്ന് പ്രതികള്‍ ആഴ്ചകളോളം മാഹിക്ക് സമീപത്തെ സ്ഥലത്ത് താമസിക്കുന്നതായി സൂചന ലഭിച്ചിട്ടും റെയ്ഡ് നടത്തി പ്രതികളെ പിടിക്കാന്‍ പോലീസ് തയാറാകാത്തത് കേസ് അട്ടിമറിക്കപ്പെടുകയാണോ എന്ന ആശങ്ക ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.
മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും 2016 ലെ വധോദ്യമകേസ് പുനരന്വേഷിക്കുമെന്നും കൊലപാതകം നടന്ന ഉടന്‍ മാഹിയിലെത്തിയ പുതുച്ചേരി ഡിജിപിയും എസ്എസ്പിയും ഉറപ്പുനല്‍കിയതാണ്.
അത് നടപ്പാക്കാനുള്ള ബാധ്യത പുതുച്ചേരി ആഭ്യന്തരവകുപ്പിനുണ്ട്. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കേണ്ടിവരുമെന്ന് ഏരിയ സെക്രട്ടറി എം.സി. പവിത്രന് പ്രസ്താവനയില്‍ അറിയിച്ചു.