ചവറ: ചവറ എംഎല്‍എയായിരുന്ന എന്‍.വിജയന്‍പിളളയുടെ സ്മരണക്കായി എംഎല്‍എയുടെ ഓഫീസിലെ സ്റ്റാഫ് തനിക്ക് കിട്ടിയ ശമ്പളം മാറ്റി വെച്ച് നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം നാളെ രാവിലെ 10ന് നടക്കും.
എംഎല്‍എക്കൊപ്പം മൂന്നരവര്‍ഷം ജോലി ചെയ്തതിന് സര്‍ക്കാര്‍ നല്കിയ ശമ്പളമായിക്കിട്ടിയ ആറ് ലക്ഷം രൂപ കൊണ്ട് വീടില്ലാത്ത ഒരു കുടുംബത്തിന് വീട് നല്കുമ്പോള് അത് മണ്മറഞ്ഞ് പോയ എംഎല്എക്കുളള സ്നേഹ സ്മാരകം കൂടി ഒരുക്കുകയാണ് ബാബു.
തനിക്ക് കിട്ടുന്ന ശന്പളത്തില്‍ നിന്ന് ഒരു രൂപ പോലും എടുക്കാതെ പ്രതിഫലം വാങ്ങാതെ എംഎല്‍എയുടെ ഓഫീസില്‍ ജോലി ചെയ്ത് വരുകയായിരുന്നു എഴുത്തുകാരന് കൂടിയായ ഇദ്ദേഹം.
കൊല്ലപ്പണിക്കാരനായ പുതുക്കാട് പുളളവന്റയ്യത്ത് പടീറ്റതില്‍ വിജയനും കുടുംബത്തിനുമാണ് വീട് ബാബു വികാസ് എംഎല്‍എയുടെ സ്മരണാര്‍ഥം സ്നേഹസമ്മാനമായി നല്‍കുന്നത്.’
എംഎല്‍യുടെ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി അര്‍ഹരായ ഒരു കുടുംബത്തിന് തനിക്ക് കിട്ടുന്ന തുക നല്‍കണം എന്ന് ബാബു കരുതുകയും അക്കാര്യം എംഎല്‍എയെ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു.ഇതിനിടയില്‍ എന്‍.വിജയന്‍പിളള മരണമടയുകയും ചെയ്തു.
നാല് സെന്റിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനുളള രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ ലൈഫ് പദ്ധതിക്ക് പുറത്തായ വിജയന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട ബാബു വീട് വിജയന് നല്കാന് മുന്നോട്ട് വരുകയായിരുന്നു.
ലാഭം നോക്കാതെ 600 സ്ക്വയര്‍ ഫീറ്റില്‍ അടച്ചുറപ്പുള്ള വീടിന്റെ നിര്‍മാണ ചുമതല ഏറ്റെടുത്തത് വികാസ് അംഗമായ സന്തോഷാണ്. എംഎല്‍എയുടെ മകന് ഡോ. വി. സുജിത് വീട്ടിലേക്കാവശ്യമായ ഫര്‍ണിച്ചറുകളും നല്കി താക്കോല്‍ കൈമാറും.