കോട്ടയം: വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന യുഎൻ മിഷനു വേണ്ടി ഭക്ഷണ വിതരണത്തിനുള്ള കരാർ ഏറ്റെടുത്തിരിക്കുന്ന മൊണാക്കോ ആസ്ഥാനമായുള്ള കന്പനിയിൽ ജോലിചെയ്യുന്ന മലയാളി കോംഗോയിൽ തടവിൽ. കാണക്കാരി മുട്ടപ്പള്ളിൽ ബാബു ജോസാണ് തടവിലായത്. എസ്-കോ ഇന്റർനാഷണൽ എന്ന കന്പനിയിൽ 25 വർഷമായി ജോലി ചെയ്യുകയാണ് ബാബു.
കഴിഞ്ഞ അഞ്ചു വർഷമായി കോംഗോയിലാണ് ബാബു ജോസ് പ്രവർത്തിക്കുന്നത്. കന്പനിയുടെ പ്രവർത്തനം ഈ മാസം അവസാനത്തോടെ അവസാനിപ്പിക്കാനിരിക്കെയാണ് കോംഗോയിലെ പ്രാദേശിക ഭരണകൂടം ബാബുവിനെ തടവിലാക്കിയത്.
അദ്ദേഹം ഇപ്പോൾ കോംഗോ ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ എ.എൻ.ആറിന്റെ കസ്റ്റഡിയിലാണ് ഉള്ളതെന്നറിയുന്നു. ദിവസത്തിൽ ഏതാനും മിനിറ്റുകൾ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാൻ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ബാബു ജോസ് കുറ്റക്കാരനല്ലെന്ന് എഎൻആർ ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും കന്പനിയിൽനിന്നു പിഴത്തുക ഈടാക്കാൻ ഉദ്യോഗസ്ഥനെന്ന നിലയിൽ തടവിലാക്കിയതാണെന്നാണ് അവരുടെ വാദമെന്നാണ് അറിയുന്നത്.
നവംബർ 29നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോംഗോയിലെ ബുനിയ പ്രോവിൻസിലെ കന്പനി ഇൻ ചാർജായാണ് ബാബു പ്രവർത്തിച്ചിരുന്നത്. ഭക്ഷണ വിതരണത്തിനുള്ള ട്രാൻസ്പോർട്ടേഷൻ സബ് കോൺട്രാക്ട് ഏറ്റെടുത്തിരിക്കുന്ന ഉപകന്പനി യുഎന്നിന്റെയും എസ്കോ ഇന്റർനാഷണൽ കന്പനിയുടെയും പേര് ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് ബുനിയയിലെ കന്പനി ഇൻ ചാർജായ ബാബു ജോസിനെ തടവിലാക്കിയിരിക്കുന്നത്.
യുഎന്നിന്റെ പ്രത്യേക ആനുകൂല്യങ്ങൾ ഉപകന്പനി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായാണു പ്രാദേശിക ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. വലിയ തുക പിഴ അടച്ചാൽ മാത്രമേ ബാബുവിനെ മോചിപ്പിക്കുകയുള്ളൂ എന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെ നിലപാട്.
ഈ മാസത്തോടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച കന്പനിക്കു പ്രാദേശിക ഭരണകൂടം ചുമത്തിയിരിക്കുന്ന ഭീമമായ നഷ്ടപരിഹാരത്തുക നൽകുക അത്ര എളുപ്പമല്ലെന്നാണ് പുറത്തുവരുന്ന വിവരം. കോംഗോയിലെ ഇന്ത്യൻ എംബസി സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. എംബസി ഉദ്യോഗസ്ഥൻ ബാബു ജോസിന്റെ സഹോദരനെ ഇന്നലെ ബന്ധപ്പെട്ടിരുന്നു. ജോസ് കെ. മാണി കോംഗോയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.