മാഹി: സിപിഎം നേതാവ് പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാബുവിനെ വെട്ടിയത് പത്തംഗ ആർഎസ്എസ് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിൽ നാല് ആർഎസ്എസ് പ്രവർത്തകരുടെ പേര് വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഒ.പി.രജീഷ്, രാജേഷ്, മകനീഷ്, കരിക്കുന്നിൽ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനും ബാക്കിയുള്ളവരെ തിരിച്ചറിയാനുമുള്ള ഊർജിത അന്വേഷണമാണ് പുരോഗമിക്കുന്നത്.
2010-ൽ പെരിങ്ങാടിയിൽ രണ്ടു ആർഎസ്എസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ബാബുവാണെന്ന് ആരോപിച്ചാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപും ബാബുവിനെതിരേ വധശ്രമമുണ്ടായെങ്കിലും രക്ഷപെടുകയായിരുന്നു.
തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോവുകയായിരുന്ന ബാബുവിനെ വീടിന് തൊട്ടടുത്ത് വച്ച് പതുങ്ങിയിരുന്ന് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ ബാബു ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണത്തിന് കീഴടങ്ങി. ബാബുവിനെ വെട്ടി വീഴ്ത്തിയ ശേഷം അക്രമി സംഘം ബൈക്കുകളിലാണ് രക്ഷപെട്ടതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ബാബു ആക്രമിക്കപ്പെട്ട് 45 മിനിറ്റിന് ശേഷമാണ് ന്യൂമാഹിയിൽ ആർഎസ്എസ് പ്രവർത്തകൻ പെരിങ്ങാടി ഈച്ചി ഉന്പാറക്കചെള്ളയിൽ ഷമേജ് (41) ആക്രമിക്കപ്പെടുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം നടുറോഡിൽ തടഞ്ഞുനിർത്തി എട്ടംഗ സംഘം വെട്ടുകയായിരുന്നു.
ബാബുവിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ഷമേജിന്‍റെ കൊലപാതകമെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്ക് വേണ്ടി തെരച്ചിൽ പുരോഗമിക്കുകയാണ്.
ഇരു കൊലപാതകങ്ങളും രാഷ്ട്രീയ വൈരാഗ്യം മുൻനിർത്തിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു കഴിഞ്ഞു. സംഭവത്തെ തുടർന്ന് മാഹി പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം, എഎസ്പി ചൈത്ര തെരേസ ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് തലശേരി മേഖലയിൽ സുരക്ഷ ഒരുക്കുന്നത്.
അപ്രതീക്ഷിതമായുണ്ടായ കൊലപാതകങ്ങൾ മാഹി മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. കൊലപാതകങ്ങൾക്ക് ശേഷം മറ്റ് അക്രമസംഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും മാഹി മേഖല വിജനമാണ്. പ്രദേശത്തെ സിപിഎം, ബിജെപി പ്രവർത്തകർ വീടുവിട്ട് മറ്റിടങ്ങളിലേക്ക് മാറിയിരിക്കുകയാണ്.