സ്വന്തം ലേഖകൻ
കുട്ടനെല്ലൂർ: പത്തുവർഷമായി അവർ കാത്തിരിക്കുകയാണ്; തങ്ങളുടെ പ്രിയപ്പെട്ട മകനുവേണ്ടി, പ്രിയതമനുവേണ്ടി, സ്നേഹനിധിയായ അച്ഛനുവേണ്ടി…
2008 സെപ്റ്റംബർ 30നു കാണാതായ കുട്ടനെല്ലൂർ കോളജ് റോഡിൽ പുറന്പോക്കുഭൂമിയിൽ താമസിക്കുന്ന ബാബുവിനുവേണ്ടി ഒരു കുടുംബം മുഴുവൻ കാത്തിരിക്കാൻ തുടങ്ങിയിട്ടു പത്തുവർഷം തികയുന്നു. അച്ഛനും അമ്മയും ഭാര്യയും മൂന്നു പെണ്മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കണ്ണുനീർ കഴിഞ്ഞ പത്തുവർഷമായിട്ടും തോർന്നിട്ടില്ല.
പെയിന്റ് പണിക്കാരനായ ബാബു നാട്ടുകാർക്കും വീട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. പത്തുവർഷം മുൻപ് ഇരിങ്ങാലക്കുടയിൽനിന്നു പണികഴിഞ്ഞ് രാത്രി തൃശൂർ കുറുപ്പം റോഡിൽ ബസിറങ്ങിയ ബാബുവിനെ ആരും പിന്നീടു കണ്ടിട്ടില്ല.
ബാബു എങ്ങോട്ടുപോയെന്ന് ഇപ്പോഴും ആർക്കുമറിയില്ല. കാണാതായതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഒല്ലൂർ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം എവിടെയുമെത്തിയില്ല. ശത്രുക്കളൊന്നും ബാബുവിനില്ലെന്നും കുടുംബപ്രശ്നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും വീട്ടുകാർ പറഞ്ഞു. യൂത്ത് കോണ്ഗ്രസ് പ്രവർത്തകനായിരുന്ന ബാബു എല്ലാ രാഷ്ട്രീയപാർട്ടികളിലെ പ്രവർത്തകരുമായും വളരെ നല്ല ബന്ധത്തിലായിരുന്നു.
തികച്ചും ദുരൂഹ സാഹചര്യത്തിലാണ് ബാബുവിന്റെ തിരോധാനം ഉണ്ടായിരിക്കുന്നത്. അറിയാവുന്നിടത്തെല്ലാം വീട്ടുകാർ അന്വേഷണം നടത്തി. പോലീസ് അന്വേഷണം നിലച്ചെങ്കിലും വീട്ടുകാർ ഇപ്പോഴും തങ്ങളുടേതായ രീതിയിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോ കുന്നുണ്ട്.
ബാബുവിന്റെ ഭാര്യ കൂലിപ്പണിക്കു പോയാണ് ഇപ്പോൾ കുടുംബം കഴിയുന്നത്. ഒക്ടോബർ ഒന്പതിനു ബാബുവിന്റെ മൂത്തമകളുടെ മനസ്സമ്മതമാണ്. അതിനുമുന്പ് ബാബു വീട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.