പാലക്കാട്: മലമ്പുഴ കുമ്പാച്ചിമലയിൽ നിന്നു രണ്ടു വർഷം മുൻപ് സൈന്യത്തിന്റെ സഹായത്തോടെ രക്ഷിച്ച ബാബുവിന്റെ മാതാവ് റഷീദ(46), സഹോദരൻ ഷാജി(23) എന്നിവർ ജീവനൊടുക്കിയതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഇവരെ കടുക്കാംകുന്നത്ത് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മോർച്ചറിയിൽ മൃതദേഹങ്ങൾ കാണാനെത്തിയ ബാബു മാനസികാസ്വാസ്ഥ്യം കാട്ടിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ കള്ളിക്കാട് ജുമാ മസ്ജിദിൽ കബറടക്കി.
മലമ്പുഴ മന്തക്കാടുള്ള വാടക വീട്ടിലാണ് റഷീദയും രണ്ടു മക്കളും താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികൾ പോലീസിനോട് പറഞ്ഞു. ബാബു ആറു മാസമായി ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പോലീസ് പറയുന്നത്.
2022 ഫെബ്രുവരിയിലാണ് മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചത്. ബാബുവിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം നടക്കുന്ന സമയത്ത് ഉറക്കവും ഭക്ഷണവുമില്ലാതെ മലയടിവാരത്ത് കാത്തിരുന്ന റഷീദയുടെയും ഷാജിയുടെയും ചിത്രം ശ്രദ്ധ നേടിയിരുന്നു. ബാബു ജീവിതത്തിലേക്ക് തിരികെ മടങ്ങിവന്ന രണ്ടാം വാർഷികത്തിലാണ് മാതാവും സഹോദരനും മരിച്ചത്.