പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റിനും പ്രാദേശിക നേതാക്കൾക്കുമെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് കുറിപ്പ് എഴുതിവച്ചശേഷം ഗൃഹനാഥൻ ജീവനൊടുക്കി.
റാന്നി – പെരുനാട് കണ്ണനുമൺ മഠത്തുംമൂഴി മേലേതിൽ എം.എസ്. ബാബു (68) വിനെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പെരുനാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പിഎസ് മോഹനന്, 13-ാം വാര്‍ഡില്‍ നിന്നുള്ള സിപിഎമ്മിന്റെ പഞ്ചായത്തംഗം എം.എസ്. ശ്യാം, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന് കെ. തോമസ് എന്നിവരാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന് ബാബു എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്.
സിപിഎം പ്രവർത്തകനാണ് ബാബു. തന്റെ വീടിനു മറയാക്കി വെയ്റ്റിംഗ് ഷെഡ് നിർമിച്ചതിൽ ബാബു ഏറെ മാനസിക ബുദ്ധിമുട്ടനുഭവിച്ചിരുന്നു.
ഇന്നലെ രാവിലെ മഠത്തുംമൂഴി പള്ളിയുടെ സ്ഥലത്തുള്ള ഒരു മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്.
സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരെത്തിയാണ് മൃതദേഹം അഴിച്ചുനീക്കി ആശുപത്രിയിലേക്കു കൊണ്ടുപോയത്. പുലർച്ചെ നടക്കാൻ പോകുകയാണെന്നു പറഞ്ഞാണ് ബാബു വീട്ടിൽ നിന്നിങ്ങിയത്.
മൃതദേഹത്തിൽ നിന്നു ലഭിച്ച കുറിപ്പിൽ വീട്ടിലെ ഡയറിയിൽ മരണത്തിന്റെ കാരണം എഴുതിവച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.
തുടർന്നു നടന്ന പരിശോധയിൽ കണ്ടെത്തിയ ഡയറിയിലാണ് സിപിഎം നേതാക്കൾക്കെതിരേ ഗുരുതര ആരോപണമാണുള്ളത്.
ബാബുവിന്റെ മരണത്തിനുത്തരവാദികൾ സിപിഎം നേതാക്കളാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മരിച്ച ബാബുവിന്റെ ഭാര്യ കുസുമകുമാരി പോലീസിൽ പരാതി നൽകി.
പെരുനാട് മഠത്തുംമൂഴിയിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മറയാക്കി ഒരു വെയ്റ്റിംഗ് ഷെഡ് നിർമിച്ചിരുന്നു.
വെയിറ്റിംഗ് ഷെഡ് കടയുടെ മുന്നില്‍ നിന്ന് മാറ്റണമെന്നും പകരം റോഡ് സൈഡില്‍ തന്റെ വസ്തുവിൽ നിന്നും ഇതിനായി സ്ഥലം വേറെ നല്‍കാമെന്നും ബാബു പറഞ്ഞിരുന്നു.
ഇരുകൂട്ടരുമായി ചര്‍ച്ചയും നടന്ന് ധാരണയിലെത്തിയെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നു. ഇത്തരത്തിലൊരു ധാരണയ്ക്കായി തന്നോടു ലക്ഷങ്ങള്‍ കോഴ ആവശ്യപ്പെട്ടുവെന്ന് ഡയറിയിൽ പരാമർശമുണ്ട്.
ഇതോടൊപ്പം ബാബുവിന്റെ കെട്ടിടത്തിന്റെ നിർമാണക്കരാർ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനുവേണ്ടി ആവശ്യപ്പെട്ടിരുന്നതായും പെരുനാട് സഹകരണ ബാങ്കിലേക്ക് നിക്ഷേപം ആവശ്യപ്പെട്ടിരുന്നതായും പറയുന്നു.
കുറിപ്പും ഡയറിയും പോലീസ് കസ്റ്റഡിയിലെടുത്തു. ഡയറി ബാബു തന്നെ എഴുതിയതാണെന്ന് ഭാര്യ പോലീസിനോടു പറഞ്ഞു.
എന്നാൽ ബാബുവിനെ സമ്മർദത്തിൽപെടുത്തുന്ന ഒരു നടപടിയും സിപിഎം എടുത്തിട്ടില്ലെന്ന് ഏരിയ സെക്രട്ടറി എസ്. ഹരിദാസും ലോക്കൽ സെക്രട്ടറി റോബിനും പറഞ്ഞു.
ബാബുവിന്റെ ഡയറിയിൽ എഴുതിയത് ഇങ്ങനെ…
പത്തനംതിട്ട: പെരുനാട്ടില്‍ സിപിഎം നേതാക്കളെ ഭയന്നു ജീവനൊടുക്കുകയാണെന്നു ഡയറിയിലെഴുതി പ്രവർത്തകൻ മേലേതിൽ ബാബുവിന്റെ കുറിപ്പ് പാർട്ടിക്കു കടുത്ത പ്രതിസന്ധിയാകുന്നു.
നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഈ കുറിപ്പിലുള്ളത്. കുറിപ്പ് ഇങ്ങനെ:ഞാന്‍ സിപിഎം പ്രവര്‍ത്തകനാണ്. 1976ൽ റാലി നടത്തിയ ഒരാളാണ്.
ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍, എല്‍സി സെക്രട്ടറി റോബിന്, വിശ്വന് എന്ന ശ്യാമും എന്നെ നിരന്തരം ദ്രോഹിക്കുകയാണ്. ഇവിടെ ഒരു വെയിറ്റിംഗ് ഷെഡ് മാറ്റിപ്പണിയാന്‍ ധാരണയായി.
മോഹനനു മൂന്നു ലക്ഷവും വിശ്വന് ഒരു ലക്ഷവും റോബിന് ഒരു ലക്ഷവും കൊടുക്കണം. ഞാന്‍ പണിയുന്ന കെട്ടിടത്തിന്റെ പണി പിഎസിന്റെ മോനു കൊടുക്കണം. സൊസൈറ്റിയില്‍ മൂന്നു മാസത്തേക്ക് 20 ലക്ഷം ഇടണം.
എന്നെ ഇവിടെനിന്ന് ഓടിക്കാനായി മഠത്തില്‍ക്കാരുടെ അഞ്ചു വണ്ടികള്‍ എന്റെ കടയില്‍ ആള്ക്കാര് കയറാത്ത തരത്തില്‍ നിരത്തി ഇടുന്നു.
എന്റെ വീടിനോടു ചേര്‍ന്നു രാത്രിയില്‍ മദ്യപന്മാരുടെ നിരന്തര ശല്യമാണ്. ഇവരെ ഭയന്നു പരാതിയും കൊടുക്കാന്‍ ഭയമാണ്.
എന്റെ ഓടിട്ട കെട്ടിടത്തിന്റെ ഓടു മാറ്റി ടിന് ഷീറ്റ് ഇടാന്‍ പിഎസിനോടു ചോദിച്ചിട്ട് സമ്മതിച്ചില്ല. എന്നാല്‍, പിഎസിന്റെ (മോഹനന്) കണ്മുന്നില് ഹൈവേയോടു ചേര്‍ന്നു രണ്ടു കെട്ടിടം പണിതിട്ടു പിഎസിനു യാതൊരു പരാതിയും ഇല്ല.
അങ്ങനെ ഇവര്‍ ശല്യം ചെയ്യുകയാണ്. ഇതിന്റെ കോപ്പി വാര്‍ത്താ മാധ്യമങ്ങള്‍ക്കു കൊടുക്കണം.