പാലക്കാട്: മലമ്പുഴ ചെറാട് കൂമ്പാച്ചിമലയിൽനിന്ന് സൈന്യം രക്ഷപെടുത്തിയ ബാബുവിന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു.
ബാബു സാധാരണ ഭക്ഷണം കഴിച്ചു തുടങ്ങിയതായി ഉമ്മ റഷീദ പറഞ്ഞു. ആന്തരികക്ഷതമോ ചതവോ ഇല്ല.
ആശുപത്രിവിടുന്നകാര്യം ഇന്ന് അറിയാനാകും. ബാബു ഇപ്പോൾ സന്തോഷവാനാണെന്നും ഉമ്മ അറിയിച്ചു.
മലയുടെ മുകളിലേക്ക് കയറവെ കല്ലിൽ കാല് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ബാബു പറഞ്ഞതായി ഉമ്മ റഷീദ അറിയിച്ചു. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ പിടിച്ചുനിന്നു. പാതിവഴിക്ക് കൂട്ടുകാർ മല കയറ്റം നിർത്തിയെങ്കിലും താൻ ഒറ്റയ്ക്ക് മല കയറുകയായിരുന്നുവെന്നും ബാബു ഉമ്മയോട് പറഞ്ഞു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 43 മണിക്കൂറുകൾക്ക് ശേഷം സൈന്യമാണ് രക്ഷപ്പെടുത്തിയത്.
തുടർന്ന് ഹെലികോപ്ടറിൽ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ച ബാബുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കേരളം ഇതുവരെ കാണാത്ത രക്ഷാദൗത്യമാണ് ബാബുവിനെ രക്ഷിക്കാൻ നടത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ബാബുവും സുഹൃത്തുക്കളും മലമ്പുഴ ചെറാട് കൂമ്പാച്ചിമല കയറിയത്. ഇതിനിടെ ബാബു കാൽവഴുതി പാറയിടുക്കിലേക്കു വീഴുകയായിരുന്നു.
ഇന്നലെ രാവിലെ പത്തേകാലോടെ മലയിടുക്കിലേക്കു വടംകെട്ടിയിറങ്ങിയ സൈനികർ ബാബുവിനെ അതിസാഹസികമായി മലമുകളിലെത്തിച്ചു.
തുടർന്ന് ഹെലികോപ്റ്ററിൽ കഞ്ചിക്കോട്ടേക്കും അവിടെനിന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്കും എത്തിച്ചു.