പത്തനംതിട്ട: അമേരിക്കന്‍ വീസ വാഗ്ദാനം ചെയ്തു പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തിരുവല്ല സ്വദേശി തട്ടിയെടുത്തതായി പരാതി.
ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിപ്പിനിരയായവര്‍ നാളെ തിരുവല്ലയില്‍ മാര്‍ച്ചു നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരുവല്ല സ്വദേശിയായ പാസ്റ്റര്‍ ബാബു ജോണാണ് അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 45 ല്‍ അധികം പേരില്‍ നിന്നായി രണ്ടു കോടിയോളംരൂപ വാങ്ങിയത്.
നാളെ രാവിലെ തട്ടിപ്പിനിരയായവര്‍ തിരുവല്ല ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ കേന്ദ്രീകരിച്ച് റെയിൽവേ സ്റ്റേഷനു സമീപമുള്ള ബാബു ജോണിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലുള്ളവരില്നിന്ന് ചാരിറ്റി വീസ നല്‍കാമെന്നു പറഞ്ഞാണ് പാസ്റ്റര്‍ ബാബു ജോണും സഹായി തിരുവനന്തപുരം സ്വദേശി ജയചന്ദ്രനും ചേര്‍ന്ന് തട്ടിപ്പ് നടത്തിയത്.
ജയചന്ദ്രനാണ് ആളുകളെ സംഘടിപ്പിച്ചുകൊടുത്തത്. ബാബു ജോണ്‍ നേരത്തേ അമേരിക്കയില്‍ താമസിച്ചിട്ടുള്ളയാളാണ്.
ഇയാളുടെ പാസ്പോര്ട്ടില് അമേരിക്കന്‍ വീസ രേഖപ്പെടുത്തിയിരുന്നു. വിശ്വാസയോഗ്യമായ കാര്യങ്ങള്‍ അവതരിപ്പിച്ചതിനാലാണ് പലരും ഇയാളുടെയും ജയചന്ദ്രന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറിയത്.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നഷ്ടപ്പെട്ട പണം വാങ്ങിത്തരണമെന്നും ആവശ്യപ്പെട്ട് തിരുവല്ല , കോട്ടയം, കടത്തുരുത്തി, ഈരാറ്റുപേട്ട, കുണ്ടറ പോലീസ് സ്റ്റേഷനുകളില്‍ പരാതിയുണ്ട് എന്നാല്‍ ഇതേവരെഒരു നടപടിയും ഉണ്ടായിട്ടില്ല.
ആരോപണ വിധേയന് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പറയുന്നു.
ബാബുജോണും ഭാര്യയും ചേര്‍ന്ന് പണംചോദിച്ച് ചെന്നവരെ 2021-ല്‍ മര്‍ദിച്ച സംഭവവുമുണ്ട്. പോലീസ് അനാസ്ഥ തുടരുന്നതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കണമെന്നു ഭാരവാഹികള്‍ ആ്വശ്യപ്പെട്ടു.
പലിശയ്ക്ക് പണം എടുത്താണ് പലരും പണം നല്‍കിയിട്ടുള്ളത്. കൊല്ലം ജില്ലയില്‍ ചവറ സ്വദേശിനി സ്മിത അഞ്ചു ലക്ഷം രൂപായാണ് ബാബുജോണിന് നല്‍കിയത്.
പലിശ കൊടുക്കാന്‍ നിര്‍വാഹമില്ലാതെ 2021ല്‍ സ്മിത ആത്മഹത്യ ചെയ്തതായും ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
ബാബുജോണിന്റെ കൈവശം അമേരിക്കന്‍ എംബസിയുടെ വ്യാജ സീലുകളും മറ്റു പല രേഖകളുമുള്ളതായും ഇവര്‍ ആരോപിച്ചു.
മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. നീതി ലഭിക്കാത്ത പക്ഷം നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു.
ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഉഷാകുമാരി കുണ്ടറ, ജനറല്‍ കണ്‍വീനര്‍ ശിവപ്രസാദ് ചവറ, ജിഷ്ണു വിജയന് ചവറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.