കടുത്തുരുത്തി: കോവിഡ് ബാധിച്ച അച്ഛനും കോവിഡാനന്തര ചികിത്സയിലിരിക്കെ അമ്മയും മരണത്തിന് കീഴടങ്ങി.
ദിവസങ്ങളുടെ വിത്യാസത്തിൽ മഹാമാരി ഒരു കുടുംബത്തിലെ രണ്ടു ജീവനെടുത്തപ്പോൾ അനാഥരായത് നാലു പെണ്കുട്ടികൾ.
കുറുപ്പന്തറ കൊച്ചുപറന്പിൽ ബാബു (55) കഴിഞ്ഞ രണ്ടാം തീയതിയാണ് കോവിഡ് ബാധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ബാബുവിന്റെ ഭാര്യ ജോളി (52) കോവിഡിൽ നിന്നും വിമുക്തയായെങ്കിലും പിന്നീടുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം ജോളിയും മരണത്തിന് കീഴടങ്ങിയത്.
ഇരുവരുടെയും സംസ്കാരം മണ്ണാറപാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ നടന്നു. ജോളിയുടെ സംസ്കാരം യൂത്ത് കോണ്ഗ്രസ്, യൂത്ത് കെയർ പ്രവർത്തകരാണ് നടത്തിയത്.
ഇവരുടെ മൂന്നാമത്തെ മകൾ അഞ്ചു (19) വിനാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾക്കെല്ലാം രോഗം ബാധിച്ചു.
ഫിസിയോതെറാപ്പി വിദ്യാർഥിനിയായ ചിഞ്ചുമോൾ (24), നഴ്സിംഗ് പഠനം പൂർത്തിയാക്കി പരീക്ഷയെഴുതി ഫലത്തിനായി കാത്തിരിക്കുന്ന ബിയ (22), പ്ലസ്ടു വിദ്യാർഥിനിയായ അഞ്ജു, എട്ടാം ക്ലാസ് വിദ്യാർഥിനിയായ റിയ മരിയ (14) എന്നീ നാലു പെണ്മക്കളാണ് ബാബു- ജോളി ദന്പതികൾക്കുള്ളത്.
കുറുപ്പന്തറയിലെ ലോഡിംഗ് തൊഴിലാളിയായിരുന്ന ബാബുവിന് അഞ്ചു വർഷം മുന്പ് സ്ട്രോക്കുണ്ടായതിനെ തുടർന്ന് ഭാരപ്പെട്ട ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
വല്ലപ്പോഴും കിട്ടുന്ന ചെറിയ പണികളിൽനിന്നും ലഭിക്കുന്ന തുച്ഛവരുമാനവും ഭാര്യ ജോളി കുറുപ്പന്തറയിലെ വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്ത് കിട്ടുന്ന വേതനവുമായിരുന്ന കുടുംബത്തിന്റെ വരുമാന മാർഗം.
അച്ഛനും അമ്മയും മരിച്ചതോടെ ബാബുവിന്റെ അവിവാഹിതയായ സഹോദരി ഷൈബി മാത്രമാണ് വീട്ടിൽ ഈ നാലു പെണ്കുട്ടികൾക്കൊപ്പമുള്ളത്.
പത്ത് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പഴയൊരു വീട് മാത്രമാണ് ഇവർക്ക് സ്വന്തമായുള്ളത്.
ഷൈബി എംജി സർവകലാശാലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാകും ഇനി ഈ പെണ് കുടുംബത്തിന്റെ ഏകവരുമാനം. കോവിഡ് ബാധിച്ചതോടെ ഷൈബി ജോലിക്കു പോകാതായിട്ട് നാളുകളായി.