കോട്ടയം: ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണം കവർന്നശേഷം കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ പ്രതിയുടെ ആർടിപിസിആർ പരിശോധന ഫലം ലഭിച്ചാൽ ഉടൻ കോടതിയിൽ ഹാജരാക്കും.
കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിയുന്ന പ്രതിയുടെ കോവിഡ് ഫലം ഉടൻ ലഭിക്കും. കായംകുളം നൂറനാട് സ്വദേശി ബാബുക്കുട്ടനാണു സംഭവുമായി ബന്ധപ്പെട്ടു പോലീസിന്റെ പിടിയിലായത്.
പത്തനംതിട്ട ചിറ്റാർ പോലീസ് പിടികൂടി ചോദ്യം ചെയ്യവേ അപസ്മാരത്തിന്റെ ലക്ഷണം കാണിച്ചതിനെത്തുടർന്നാണ് കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്നു ചൊവ്വാഴ്ച രാത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചത്.
മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ ആർടിപിസിആർ ഫലം ലഭിച്ചാൽ ഡിസ്ചാർജ് ചെയ്യും.ഇന്നലെ പ്രതിയിൽനിന്നു വിവരം ശേഖരിക്കുവാൻ റെയിൽവേ പോലീസ് എത്തിയെങ്കിലും ഇപ്പോൾ ഇതു സംബന്ധിച്ച് ഒന്നു പറയാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ 28-ന് ഗുരുവായൂർ പുനലൂർ ട്രെയിനിൽ എറണാകുളം മുളന്തുരുത്തിക്കും കാഞ്ഞിരമറ്റത്തിനും ഇടയ്ക്കാണ് യുവതിയുടെ ആഭരണം കവർന്നശേഷം കൊലപ്പെടുത്താൻ ശ്രമിച്ചത്. ജീവരക്ഷാർഥം ട്രയിനിൽനിന്നു ചാടിയ യുവതിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു.
കാരിക്കോട് കാർത്ത്യായനി ഭവനിൽ രാഹുലിന്റെ ഭാര്യ ആശയാണ് ആക്രമിക്കപ്പെട്ടത്.ആക്രമിച്ചയാൾക്ക് കണ്ണ് നന്നായി കാണുവാൻ കഴിയില്ലെന്ന യുവതിയുടെ മൊഴിയാണ് സാധാരണ റെയിൽവേ സ്റ്റേഷനിൽ കാണാറുള്ള ഈ യുവാവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. കഴിഞ്ഞദിവസം ചിറ്റാർ പോലീസ് ഈട്ടിചുവട് എന്ന സ്ഥലത്തു നിന്നു പിടികൂടുകയായിരുന്നു.