ദോശ ചുട്ട കഥ പറഞ്ഞെത്തി 2011-ൽ ചരിത്രം സൃഷ്ടിച്ച സിനിമയായിരുന്നു സാൾട്ട് ആൻഡ് പെപ്പർ. ആസിഫ് അലി, ലാൽ, ബാബു രാജ്, ശ്വേത മേനോൻ, മൈഥിലി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം അന്നു വലിയ പ്രേക്ഷക സ്വീകാര്യതയാണ് നേടിയത്. ചിത്രത്തിലെ ബാബുരാജ് അവതരിപ്പിച്ച കുക്ക് ബാബുവിനെ പ്രേക്ഷകർക്കു മറക്കാനാവില്ല.
ഇപ്പോൾ ഇടവേളയ്ക്കു ശേഷം സാൾട്ട് ആൻഡ് പെപ്പറിലെ കഥാപാത്രങ്ങളുമായി ബാബുരാജ് മറ്റൊരു ചിത്രവുമായി എത്തുകയാണ്. ബ്ലാക്ക് കോഫി എന്നു പേരിട്ടിരിക്കുന്ന ചിത്രം 19ന് തിയറ്ററിലെത്തും.
ബാബുരാജിന്റെ കുക്ക് ബാബുവിനു പുറമെ കാളിദാസനായി ലാലും മായയായി ശ്വേത മേനോനും ബ്ലാക്ക് കോഫിയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കാളിദാസനുമായി പിണങ്ങിയ ബാബു നാലു പെണ്‍കുട്ടികളുള്ള ഫ്ളാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. സണ്ണി വെയ്ൻ, സിനി സൈനുദ്ദീൻ, മൂപ്പനായി അഭിനയിച്ച കേളുമൂപ്പൻ എന്നിവരുമുണ്ട്.
സുധീർ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോർജ്, ഒവിയ, ലെന, രചന നാരായണൻ കുട്ടി, ഓർമ ബോസ്, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തിലെത്തുന്നു.
വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരി നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെയിംസ് ക്രിസ് നിർവഹിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.