നായകന്റെ പെങ്ങളെയും വീട്ടുകാരെയും പേടിപ്പിക്കുക, നായകന്റെ അനുജനെയോ ചേട്ടനെയോ പിടിച്ചുകൊണ്ടു പോവുക, അവസാനം നായകന്റെ ഇടികൊണ്ട് പറക്കുക. കുറച്ചുനാള്‍ മുന്‍പുവരെ സിനിമയില്‍ ബാബുരാജിന്റെ സ്ഥിരം കലാപരിപാടികള്‍ ഇതായിരുന്നു. എന്നാല്‍ 2011ല്‍ ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ ബാബുവിലൂടെ ബാബുരാജ് എന്ന നടന്റെ തലവര മാറിമറിയുകയായിരുന്നു. പിന്നീടങ്ങോട്ടു നായകന്റെ കൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് ഒരു യാത്ര.
ഇപ്പോള്‍ നല്ലൊരു വില്ലന്‍ വേഷം അഭിനയിക്കാന്‍ കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹത്തിലാണു ബാബുരാജ്. നായകന്റെ ഇടിയും തൊഴിയും കൊള്ളുന്ന വെറുമൊരു വില്ലന്‍ വേഷമല്ല. നായകന്റേതുമായി ആശയങ്ങളില്‍ മാത്രം വേറിട്ടുനില്‍ക്കുന്ന വില്ലന്‍ കഥാപാത്രം. 2016 നെക്കുറിച്ചും പുതിയ വര്‍ഷത്തിന്റെ പ്രതീക്ഷകളെക്കുറിച്ചും ബാബുരാജ് മനസുതുറക്കുന്നു.
തീയില്‍ നിന്നു
രക്ഷപ്പെട്ട ജീവിതം
തീയില്‍നിന്നു രക്ഷപ്പെട്ടു ജീവിതത്തിലേക്ക് എത്തിയതിന്റെ തുടക്കമായിരുന്നു 2016 ന്റേത്. ദുബായിലെ അഡ്രസ് ഹോട്ടലിന്റെ 57-ാമത്തെ നിലയിലായിരുന്നു അന്ന്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണു ഹോട്ടലില്‍ എത്തിയത്. ന്യൂ ഇയര്‍ ആഘോഷത്തിനിടയിലാണ് ഹോട്ടലില്‍ തീപിടിത്തം ഉണ്ടായതായി അറിയുന്നത്. വളരെ വൈകിയാണ് വിവരം അറിഞ്ഞത്.
ആഘോഷത്തിന്റെ ബഹളങ്ങളും ഫയര്‍ വര്‍ക്കുകളും എല്ലാം കാരണം തീപിടിത്തം ഉണ്ടായത് ആരും ശ്രദ്ധിച്ചില്ല. സംഭവം അറിഞ്ഞ് അവിടെനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 40 ല്‍ ആണോ 41 ല്‍ ആണോ എന്നറിയില്ല. ഒരു വല്യപ്പന്‍ രക്ഷിക്കണേ… രക്ഷിക്കണേ… എന്ന് വിളിച്ചു പറയുന്നതാണു കേട്ടത്. അദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ എന്നെക്കൊണ്ട് ആവുന്നതൊക്കെ ഞാന്‍ ചെയ്തു. പുള്ളിയെ തോളിലെടുത്ത് ഒരു നില ഇറങ്ങിയപ്പോഴേക്കും എന്റെ കാലും കൈയുമെല്ലാം വിറച്ചുപോയി, അത്രയും ടെന്‍ഷനായിരുന്നു. ചൂടും സൈറന്റെ ശബ്ദവും. ഞാന്‍ പുള്ളിയെ അവിടെ തന്നെ വെച്ചിട്ട് താഴേക്ക് ഓടുകയായിരുന്നു. എന്തൊക്കെ വീരവാദം പറഞ്ഞാലും സ്വന്തം ജീവനാണല്ലോ വലുത്. അപകടം ഉണ്ടാകുമ്പോള്‍ അവിടെ നിന്ന് ഓടി രക്ഷപ്പെടാനല്ലേ നോക്കൂ. മരണത്തില്‍ നിന്നു ജീവന്‍ രക്ഷപ്പെട്ട ഒരു അനുഭവമായിരുന്നു അത്.
ന്യൂ ഇയര്‍ ഷോക്ക്
ഇലക്ട്രിക്ക് ലൈറ്റില്‍ നിന്നു ഷോക്കടിച്ചതിന്റെ ഓര്‍മയാണ് ന്യൂ ഇയറുമായി ബന്ധപ്പെട്ടുള്ളത്. ഇലക്ട്രിക്ക് ലൈറ്റുകള്‍ വന്നതിന്റെയും മണ്ണെണ്ണ വിളക്കു കത്തിച്ചുവച്ച നക്ഷത്രത്തിന്റെയുമെല്ലാം ഓര്‍മകളാണ് ഇന്നും മനസുനിറയെ. ഇലക്ട്രിക്ക് ലൈറ്റുകള്‍ വന്ന സമയത്ത് ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. മിന്നുകയും കെടുകയും ചെയ്യുന്ന ലൈറ്റ് വാങ്ങുന്നതിനായി കരഞ്ഞു കാലുപിടിച്ചിട്ടാണ് അച്ഛന്‍ പോയി ലൈറ്റ് വാങ്ങിച്ചുതന്നത്. അന്ന് അതൊക്കെ വലിയ സംഭവമായിരുന്നു. അതില്‍ നിന്നണ് ആദ്യമായി എനിക്കു ഷോക്കേറ്റത്. ആദ്യമായി കാണുന്ന ലൈറ്റ് നോക്കി വെറുതെ ഇരിക്കില്ലല്ലോ നമ്മള്‍.. എവിടെയൊക്കെയോ പണിത് അവസാനം അതില്‍ നിന്ന് ഷോക്ക് അടിച്ചു. ഇപ്പോഴും ഓര്‍മയിലുള്ള ഒരു ക്രിസ്മസ് ന്യൂ ഇയര്‍ അനുഭവമായിരുന്നു അത്.
അവന്‍ ഇപ്പോഴെങ്കിലും നന്നായല്ലോ
എന്റെ പല ചിത്രങ്ങളും കണ്ടുകഴിഞ്ഞവരില്‍ ചിലരൊക്കെ പറയുന്നത് അവന്‍ ഇപ്പോഴെങ്കിലും നന്നായല്ലോ എന്നാണ്. വലിയൊരു ചോദ്യത്തിനുള്ള ഉത്തരമാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിക് അബു ചിത്രം നല്‍കിയത്. അത്രയും നാള്‍ ഇടിയും തൊഴിയും വില്ലത്തരവുമായി നടന്നിട്ട് ഒരു വ്യത്യസ്തമായ കഥാപാത്രവുമായാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ വന്നത്. ഇതുവരെ ചെയ്തതില്‍ നിന്നു വ്യത്യസ്തമായ ഒരു കഥാപാത്രമായിരുന്നു അത്. സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഇത്തരത്തിലൊരു കാരക്ടര്‍ ചെയ്തില്ല എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അത്. തീര്‍ച്ചയായും ആഷിഖിനാണ് അതിന്റെ ഫുള്‍ ക്രെഡിറ്റ്. ആ പടം വിജയിക്കുമെന്നു തന്നെ ആരും പ്രതീക്ഷിച്ചിരുന്നില്ല. സിനിമയില്‍ എത്ര നല്ല കഥാപാത്രത്തെ അവതരിപ്പിച്ചാലും ആ പടം വിജയിച്ചാല്‍ മാത്രമേ അത് അംഗീകരിക്കപ്പെടുകയുള്ളു. തിയറ്ററില്‍ ഓടാത്ത പടങ്ങളില്‍ ഭയങ്കര അഭിനയം കാഴ്ചവച്ചാലും പടം വിജയിച്ചില്ലെങ്കില്‍ കാര്യമില്ല. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ എന്റെ ഗതി മറ്റൊന്നായേനെ.
സംവിധാനം ഒരു വലിയ പണി
രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തതോടെ എനിക്കൊരു കാര്യം മനസിലായി സംവിധായകന്റേത് ഒരു വലിയ പണിയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈനിംഗ് മുതല്‍ സെന്‍സറിംഗ് വരെ വലിയ ടെന്‍ഷനാണ് സംവിധായകനുള്ളത്. പക്ഷേ അഭിനയം കാരക്ടര്‍ എന്താണോ അതിനോട് 100 ശതമാനം നീതി പുലര്‍ത്താന്നുള്ളതു മാത്രമാണ്. അതേ സമയം രണ്ടും രണ്ട് ആസ്വാദനമാണ്. സിനിമയ്ക്കു പിന്നില്‍ ഒരുപാടുപേരുടെ അധ്വാനം ഉണ്ട്. യൂണിറ്റ് ബോയി അടക്കമുള്ളവര്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ വലുതാണ്.
വില്ലനാകാന്‍ വീണ്ടും ആഗ്രഹം
നല്ലൊരു വില്ലന്‍ വേഷം ചെയ്യാന്‍ തോന്നുന്നുണ്ട് ഇപ്പോള്‍. കോമഡി കേരളത്തെ സംബന്ധിച്ചിടത്തോളം പറയേണ്ട സമയത്ത് ആരു പറഞ്ഞാലും ചിരിക്കും. അതാണു ട്രന്‍ഡ്. പക്ഷേ വില്ലന്‍ കാരകടര്‍ അങ്ങനെയല്ല. അത് അവതരിപ്പിച്ചു ഫലിപ്പിക്കാനും ആളുകളില്‍ ദേഷ്യം ഉണ്ടാക്കാനും വലിയ ബുദ്ധിമുട്ടാണ്. ഇൗ രണ്ടു രീതിയില്‍ ഏതാണ് ബാബുരാജ് എന്ന് ആളുകള്‍ ജഡ്ജ് ചെയ്യാതെ പോകണമെന്നാണ് ആഗ്രഹം. ഇടിയും ചതയും കൊള്ളുന്ന വില്ലന്‍ കഥാപാത്രം എന്നതിനപ്പുറം നല്ലൊരു കാരക്ടര്‍ റോളിനായാണു കാത്തിരിക്കുന്നത്.
പണ്ട് കെ.പി. ഉമ്മര്‍ ചെയ്തിരുന്ന തരത്തിലുള്ള ഒരു നായകന്‍േതുമായി ആശയങ്ങളില്‍ മാത്രം വ്യത്യാസമുള്ള കാരക്ടര്‍ ചെയ്യാനാണ് ആഗ്രഹം. നായകനും വില്ലനും തമ്മില്‍ ആശയങ്ങളുടെ വ്യത്യാസങ്ങള്‍ മാത്രമേ ഉണ്ടാകാവൂ. പക്ഷേ ഞാന്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്നതാണു മകള്‍ക്ക് ഇഷ്ടം. കോമഡി ചെയ്യുന്നത് ഇഷ്ടമല്ല. ഒരു ദിവസം അവള്‍ പറഞ്ഞു, പപ്പാ വില്ലന്‍ വേഷം മാത്രം ചെയ്താല്‍ മതി. അവളുടെ ഒരു ആഗ്രഹം അതാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എല്ലാ കഥാപാത്രങ്ങളും നന്നായി അവതരിപ്പിക്കാന്‍ സാധിക്കണമെന്നാണ് ആഗ്രഹം.
കുറെനാള്‍ വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടു കോമഡി ചെയ്താല്‍ ആളുകള്‍ക്ക് ഇഷ്ടമാകും. ജനാര്‍ദനന്‍ ചേട്ടന്‍, കൊച്ചിന്‍ ഹനീഫ- അങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ നമുക്കു മുന്‍പിലുണ്ട്. ഹണീ ബീ ടൂ സെലിബ്രേഷന്റെ ഷൂട്ടിംഗിലാണ് ബാബുരാജ് ഇപ്പോള്‍. ജീന്‍ പോള്‍ ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2013-ല്‍ പുറത്തിറങ്ങിയ ചിത്രമായ ഹണീ ബീയുടെ രണ്ടാം ഭാഗമാണ് ഹണീ ബീ ടു സെലിബ്രേഷന്‍. തൃശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇതില്‍ ഒരു കോമഡി കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പക്ഷേ നെഗറ്റീവ് റോളും കൈകാര്യം ചെയ്യുന്നുണ്ട്.