കൊച്ചി: നടൻ സിദ്ദിഖ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പറഞ്ഞത് അമ്മയുടെ നിലപാട് അല്ലെന്ന് അമ്മ ട്രഷറർ ജഗദീഷ്. ദിലീപിന്റെ പുതിയ സിനിമയുടെ സൈറ്റിൽ നടത്തിയ പത്രസമ്മേളനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാൻ പറ്റില്ലെന്നു പറഞ്ഞ ജഗദീഷ്, എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള സംഘടനയാണ് അമ്മയെന്നു വ്യക്തമാക്കി. സിദ്ദിഖിന്റെ വാർത്താ സമ്മേളനത്തിനെതിരേ നടൻ ബാബുരാജും രംഗത്തെത്തി.
അമ്മയുടെ ഒൗദ്യോഗിക വക്താവ് താനാണ്. ഡബ്ല്യുസിസി അംഗങ്ങളുടെ പത്രസമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ചുള്ള അമ്മയുടെ നിലപാട് അറിയിച്ചുള്ള വിശദീകരണക്കുറിപ്പ് തയാറാക്കാൻ പ്രസിഡന്റ് മോഹൻലാൽ ആണു തന്നെ ചുമതലപ്പെടുത്തിയത്.
താൻ തയാറാക്കിയ കുറിപ്പ് പ്രസിഡന്റ് കാണുകയും ചില കൂട്ടിച്ചേർക്കൽകൂടി നിർദേശിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചേർത്തശേഷമാണു പ്രസിഡന്റിന്റെ അന്തിമ അനുമതിയോടെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ വാട്ട്സ്ആപ് ഗ്രൂപ്പിലും പിന്നീട് മാധ്യമങ്ങൾക്കും കുറിപ്പ് കൈമാറിയതെന്നു ജഗദീഷ് പറഞ്ഞു.
ദിലീപിന്റെ പുതിയ സിനിമയുടെ സൈറ്റിൽ നടത്തിയ പത്രസമ്മേളനത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാൽ തെറ്റു പറയാൻ പറ്റില്ല. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണെങ്കിലും സംഘനാപപരമായി അദ്ദേഹം ചെയ്ത കാര്യങ്ങളെ ന്യായീകരിക്കാനാകുന്നതല്ല. എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുള്ള സംഘടനയാണ് അമ്മ. സുഹൃത്തിനെ പിന്തുണയ്ക്കുന്നതിൽ എതിർപ്പില്ല. അതു ഗൂഢലക്ഷ്യങ്ങൾ നടപ്പാക്കാൻ ആലോചിച്ചുള്ളതാകരുതെന്നും ജഗഗീഷ് പറഞ്ഞു.
സിദ്ദിക്ക് നടത്തിയ വാർത്താസമ്മേളനം ആരുടെ അറിവോടെയാണെന്ന് മനസിലായില്ലെന്നായിരുന്നു നടൻ ബാബുരാജിന്റെ പ്രതികരണം. ഒരു സൂപ്പർ ബോഡി തീരുമാനമെടുത്ത് മുന്നോട്ടു പോകാനാണു തീരുമാനമെങ്കിൽ അതു നടപ്പില്ല. ഇവർ പറയുന്ന കാര്യങ്ങൾക്ക് അടികൊള്ളുന്നത് മോഹൻലാൽ ആണ്.
ഡബ്ല്യുസിസിയുമായുള്ള പ്രശ്നത്തിൽ ദിലീപിനെ ന്യായീകരിക്കേണ്ട ആവശ്യമില്ല- ബാബുരാജ് പറഞ്ഞു. ദിലീപിനെ സപ്പോർട്ട് ചെയ്യണമെങ്കിൽ വ്യക്തിപരമായി ചെയ്യണമെന്നും അത് സംഘടനയുടെ പേരിൽ വേണ്ടെന്നും ബാബുരാജ് വ്യക്തമാക്കി.