കുറച്ചുദിവസങ്ങളായി നിധിന് മാത്യു എന്ന യുവാവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നടന് ബാബുരാജിനെതിരെ സമൂഹമാധ്യങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ വ്യാജവാര്‍ത്തകള്‍ക്കെതിരെ ചുട്ടമറുപടിയുമായി ബാബുരാജ് തന്നെ രംഗത്തെത്തിയിരിക്കുന്നു. ഫേസ്ബുക്ക്ലൈവിലൂടെയാണ് ബാബുരാജ് പ്രതികരിച്ചിരിക്കുന്നത്. ബാബുരാജിന്റെ വാക്കുകള്‍ ഇങ്ങനെ:
”ഞാന്‍ ഈ ലൈവില്‍ വരാനുള്ള കാരണം, എന്നെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇങ്ങനെ കറങ്ങി നടക്കുന്നുണ്ട്. ബാബുരാജ് സംശയത്തിന്റെ നിഴലില്‍ എന്നൊക്കെ പറഞ്ഞിട്ട്. എനിക്ക് ഇതിന് പിന്നിലുള്ള ബുദ്ധികളോട് പറയാനുള്ളത്, ദയവ് ചെയ്ത് എന്നെ ഈ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്ക്. എത്ര നാളായി നിങ്ങള്‍ ഇവിടെ മാത്രം നടക്കുന്ന കാര്യങ്ങളില്‍ എന്നെ ഒതുക്കി നിര്‍ത്തുന്നത്.
ഞാന്‍ ഈ കേരളത്തിന് പുറത്തൊക്കെ യാത്ര ചെയ്യുന്ന ആളല്ലേ. അതുകൊണ്ട് കുറച്ച് കൂടി മാറ്റിയിട്ട് എന്നെ കേന്ദ്രകമ്മിറ്റിയില്‍ കൂടി ഉള്‍പ്പെടുത്ത്. കേരളത്തിന് പുറത്ത് നടക്കുന്ന പല സംഭവങ്ങളിലും കരിനിഴല്‍ എന്നൊക്കെ പറഞ്ഞിട്ട്. അപ്പോള്‍ എനിക്കും കൂടി കേള്‍ക്കാന്‍ ഒരു സുഖമുണ്ടാകും. ഇത് കേട്ടു കേട്ട് മടുത്തു. അതുപോലെ തന്നെ മറ്റൊരു കാര്യം. ഇതിന് പിന്നിലിരുന്ന് നിങ്ങള്‍ ഈ പ്രയത്നം ചെയേയുമ്പോള് ഒരു കാര്യം കൂടി ശ്രദ്ധിക്കണം. നിങ്ങളുടെ ഭാര്യമാരൊക്കെ എവിടെയാ പോകുന്നത്, എന്താ ചെയ്യുന്നത്, എന്നൊക്കെ നോക്ക്. അല്ലെങ്കില്‍ അവരൊക്കെ കൈവിട്ടുപോകും. ഇത് ഒരു ഉപദേശമായി മാത്രം കണ്ടാല്‍ മതി’. ബാബുരാജ് പറഞ്ഞു.
പുതുവത്സര ദിനത്തിലാണ് ഇരുട്ടുകാനം കമ്പിലൈന്‍ തറമുട്ടത്തില്‍ സണ്ണിയുടെ മകനായ നിധിന് മാത്യു എന്ന 29 കാരന്റെ മൃതദേഹം ജലാശയത്തില്‍ കണ്ടെത്തുന്നത്. ഇലവീഴാപൂഞ്ചിറയില്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്ന നിധിന്റെ മൃതദേഹത്തിന്റെ മൂക്കില്‍ നിന്നും രക്തം വാര്‍ന്ന നിലയിലും മുഖത്ത് പോറലുകള്‍ ഏറ്റ നിലയിലുമായിരുന്നു. മരിച്ച നിധിന്റെ പിതാവ് സണ്ണി വസ്തുതര്‍ക്കത്തിന്റെ പേരില്‍ ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ച വ്യക്തിയാണ്. ഇതിന് പിന്നാലെയാണ് നിധിന്റെ മരണത്തിന്റെ പിന്നില്‍ ബാബുരാജിന് പങ്കുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്.