ഇടുക്കി അടിമാലി കല്ലാറില്‍ വച്ച് നടന് ബാബുരാജിനെ ഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ വെട്ടേറ്റു. ഇടതുതോളിന് വെട്ടേറ്റ ബാബുരാജിനെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലാര്‍ സ്വദേശി പറമുട്ടം സണ്ണിയാണ് ബാബുരാജിനെ വാക്കത്തികൊണ്ട് വെട്ടിയത്.
ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വൈറ്റ് മിസ്റ്റ് എന്ന പേരില്‍ കല്ലാറില്‍ ബാബുരാജ് റിസോര്‍ട്ട് നടത്തുന്നുണ്ട്. ഈ റിസോര്‍ട്ടിലെ വെള്ളത്തിന്റെ ആവശ്യത്തിനായി സമീപത്തെ സണ്ണിയുടെ 10 സെന്റ് ഭൂമി ബാബുരാജ് നേരത്തെ വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. രാവിലെ ബാബുരാജ് വാങ്ങിയ ഭൂമിയില്‍ കുളംകുത്തുന്നതിനിടെ സണ്ണി എത്തി തടയാന്‍ ശ്രമിച്ചതോടെയാണ് സംഭവത്തിന്റെ തുടക്കം. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് സണ്ണി വാക്കത്തി ഉപയോഗിച്ച് ബാബുരാജിനെ വെട്ടിയത്. നടി വാണി വിശ്വനാഥിന്റെ ഭര്‍ത്താവാണ് ബാബുരാജ്.
സമീപവാസികളില്‍ ചിലര്‍ ഈ കുളത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് കുളം വറ്റിക്കാനുള്ള ബാബുരാജിന്റെ തീരുമാനത്തിനെതിരെയാണു സമീപവാസികള്‍ സംഘടിച്ച് എത്തി എതിര്‍ക്കുകയായിരുന്നു. ബാബുരാജിന്റെ ഇടതു നെഞ്ചിലാണു വെട്ടേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.