സ്വന്തം ലേഖകൻ
ആലക്കോട്: ഹോട്ടലുകളടക്കം അടഞ്ഞുകിടക്കുന്ന കോവിഡ് കാലത്ത് ആലക്കോട് ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകള്‍ക്കും പൂച്ചകള്‍ക്കും അന്നം നല്കി നാട്ടുകാരുടെ തമ്പുരാന് എന്നറിയപ്പെടുന്ന ടി.കെ. ബാബുരാജ്.
വര്‍ഷങ്ങളായി തെരുവ് മൃഗങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചു നല്കുന്ന ബാബുരാജിന് കോവിഡ് കാലത്തും അതു മുടക്കാനായില്ല.
കൊറോണക്കാലം ആയതോടെ ഇതു പതിവാക്കി മാറ്റി. ഹോട്ടലുകളും കടകളും അടച്ചതോടുകൂടി ഒരുനേരത്തെ വിശപ്പടക്കാന്‍ വഴി ഇല്ലാതെ അലഞ്ഞുതിരിയുന്ന തെരുവുനായകള്‍ക്കും പൂച്ചകള്‍ക്കും ബാബുരാജ് മാത്രമായിരുന്നു ആശ്രയം എന്നതാണു സത്യം.
ആദ്യത്തെ ലോക്ക്ഡൗണ്‍ കാലം മുതല്‍ കൃത്യമായി എല്ലാദിവസവും രാവിലെ എട്ടരയോടെ കൂടി ടൗണില്‍ എത്തുന്ന ബാബുരാജ് ഇവയ്ക്കുള്ള ഭക്ഷണവും കൈയില്‍ കരുതും.
ഉച്ചയ്ക്ക് തൊട്ടുസമീപത്തെ കടയില്‍ നിന്നും പാലും വാങ്ങി ഇവയ്ക്ക് നല്‍കും. ടൗണില്‍ മൂന്നു ഭാഗത്തായാണു അലഞ്ഞുതിരിയുന്ന മൃഗങ്ങള്‍ക്ക് ബാബുരാജ് ഭക്ഷണം നല്‍കുന്നത്.
എല്ലാദിവസവും ഇവയ്ക്കായി ചോറും കറികളും പലപ്പോഴും ഇറച്ചിയുമടക്കമുള്ള സമൃദ്ധമായ ഭക്ഷണമാണു നല്‍കുന്നത്.
അതുകൊണ്ടുതന്നെ ബാബുരാജിന്റെ വരവും കാത്ത് സ്ഥിരം കവലകളില്‍ ഈ മിണ്ടാപ്രാണികളെ കാണാം.
ബാബുരാജിന്റെ വണ്ടിയുടെ ശബ്ദം ഇവയ്ക്കെല്ലാം സുപരിചിതം. ബാബുരാജിനെ ദൂരത്തുനിന്ന് കാണുന്നതോടെ വാലാട്ടി ഇവ ഓടിയെത്തും.
കഴിഞ്ഞ ഒരാഴ്ചയായി ആലക്കോട് ടൗണില്‍ വീണ്ടും സമ്പൂര്‍ണ ലോക്കഡൗണ്‍ ആയതോടെ ഈ തെരുവുനായ്ക്കളുടെ ഏക ആശ്രയം ബാബുരാജാണ്.
ഇതിനിടയില്‍ വാഹനമിടിച്ച് പരിക്കേറ്റ തെരുവുനായകളില്‍ ഒരെണ്ണത്തിനെ ആശുപത്രിയിലെത്തിച്ച് പൂര്‍ണ ആരോഗ്യം നേടിയെടുക്കും വരെ പരിചരിച്ചതും ബാബുരാജ് തന്നെ.
ടൗണിലെ മുക്കിലും മൂലയിലും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ തെരുവുനായ്ക്കളാണ് ഒരു പരിധി വരെ നീക്കം ചെയ്യുന്നതെന്ന് ബാബുരാജ് പറയുന്നു.
വ്യാപാരികളും ടൗണില്‍ എത്തുന്ന നാട്ടുകാരും വെറുപ്പോടെ കാണുന്ന തെരുവുനായ്ക്കള്‍ ബാബുരാജിന് ജീവനാണ്.
കാക്കടവ് സ്വദേശിയായ ബാബുരാജ് ഐആര്‍പിസി മെംബറും ടിമ്പര്‍ ലോറി ലോഡിംഗ് തൊഴിലാളിയുമാണ്.
അമ്മയാണ് തെരുവുനായ്ക്കള്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കുന്നത്. ബാബുരാജിനെ സഹായിക്കാന്‍ പലപ്പോഴും സുഹൃത്തുക്കളും ഒപ്പം എത്താറുണ്ട്.