പാലക്കാട്: കുടുംബപ്രശ്നത്തിന്റെ പേരിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മലന്പുഴ കരടിയോട് കല്ലിങ്ങൽ വീട്ടിൽ ബാബുരാജിനെയാണ്(47) നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11.30ന് ഒലവക്കോടാണ് സംഭവം.
ഒലവക്കോട് സ്വകാര്യ സ്ഥാപനത്തിൽ ബ്യൂട്ടിപാർലർ കോഴ്സ് പഠിക്കാനെത്തിയ ഭാര്യ സരിതയെ ക്ലാസിൽ കയറി പെട്രോൾ ഒഴിച്ചു കത്തിക്കാനാണ് ശ്രമിച്ചത്. ബാബുരാജ് കന്നാസിൽ കരുതിയ പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിച്ചു.
സരിത ഓടി രക്ഷപ്പെടുകയായിരുന്നു. സഹപാഠികളും സമീപത്തെ കടകളിലെ ആളുകളും ഓടിക്കൂടിയതോടെ കന്നാസ് ഉപേക്ഷിച്ച് ബാബുരാജ് രക്ഷപ്പെട്ടു. തുടർന്നു നോർത്ത് പോലീസ് സ്ഥലത്തെത്തി സരിതയെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ബാബുരാജ് മലന്പുഴ പോലീസിൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് മലന്പുഴ പോലീസ് ഇയാളെ നോർത്ത് പോലീസിനു കൈമാറി. ഇയാൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു.
ഭാര്യ തന്നെ ചതിച്ചുവെന്നും ആത്മഹത്യ ചെയ്യാനായിരുന്നു ഉദ്ദേശ്യമെന്നും ബാബുരാജ് പോലീസിനോടു പറഞ്ഞു. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.കുടുംബപ്രശ്നത്തെതുടർന്ന് ബാബുരാജും സരിതയും കുറച്ചുകാലമായി അകന്നുകഴിയുകയാണ്. സരിത വിവാഹമോചനത്തിനു ശ്രമിക്കുന്നതിടെയാണ് ആക്രമണമുണ്ടായത്.